പൂച്ച കടിച്ചതിന് കുത്തിവയ്പ്പെടുക്കാൻ വന്നു; സർക്കാർ ആശുപത്രിയ്ക്കകത്ത് യുവതിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആശുപത്രിയ്ക്കകത്ത് തെരുവ് നായ ആക്രമണം. ചപ്പാത്ത് സ്വദേശി അപർണ (31) യുടെ കാലിലാണ് നായ കടിച്ചത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽവച്ചാണ് യുവതിയ്ക്ക് നായയുടെ കടിയേറ്റത്.പ്രഥമ ശുശ്രൂഷ നൽകാൻ പോലും ആദ്യം ആരും എത്തിയിരുന്നില്ലെന്ന് അപർണയുടെ പിതാവ് വാസവൻ പറഞ്ഞു. ഏറെ സമയം കഴിഞ്ഞാണ് നഴ്സ് എത്തിയത്. ആശുപത്രിയിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് മുറിവ് കഴുകിയതെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം, ചാലക്കുടിയിൽ രാവിലെ തെരുവ് നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. കേക്കിൽ വിഷം ചേർത്ത് കൊടുത്തതാണെന്നാണ് പ്രാഥമിക നിഗമനം.