അഞ്ച് കോടിയിൽ തീരില്ല പോപ്പുലർ ഫ്രണ്ടിന്റെ പിഴത്തുക, വമ്പൻ പണി മറ്റൊരാളുടെ വകയും കിട്ടിയേക്കും
കൊച്ചി: എൻ.ഐ.എ റെയ്ഡിനെത്തുടർന്ന് നടത്തിയ മിന്നൽ ഹർത്താലിൽ കെ.എസ്.ആർ.ടി.സിക്കടക്കം വരുത്തിയ നാശനഷ്ടങ്ങളിൽ 5.20 കോടി രൂപ പോപ്പുലർ ഫ്രണ്ടിനെ നയിച്ചിരുന്ന ഭാരവാഹികൾ രണ്ടാഴ്ചയ്ക്കകം സർക്കാരിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താറിനെ പ്രതി ചേർക്കാൻ സർക്കാരിനോടും ഹൈക്കോടതി നിർദ്ദേശിച്ചു.നഷ്ടപരിഹാരത്തുക ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിക്കാണ് കൈമാറേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സ്വത്തിൽ നിന്ന് റവന്യു റിക്കവറിയിലൂടെ തുക ഈടാക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവർ ഉത്തരവിട്ടു. ഡിവിഷൻ ബെഞ്ച് സ്വമേധയാ പരിഗണിച്ച കേസിലാണ് നിർദ്ദേശം. ഉത്തരവിൽ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹർജി ഒക്ടോബർ 17നു വീണ്ടും പരിഗണിക്കും.
അക്രമങ്ങൾക്ക് പോപ്പുലർ ഫ്രണ്ടും ഹർത്താലിന് ആഹ്വാനം ചെയ്ത അബ്ദുൾ സത്താറും നേരിട്ട് ഉത്തരവാദികളാണ്. മിന്നൽ ഹർത്താലുകൾ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും പ്രകടനങ്ങളും അക്രമങ്ങളും തടയാൻ സർക്കാർ ഇടപെട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളുടെയും സംഘടിത ശക്തികളുടെയും അക്രമം ഭയന്ന് ജനങ്ങൾക്ക് ജീവിക്കേണ്ട സാഹചര്യം അനുവദിക്കാനാവില്ല. ആൾക്കൂട്ടത്തിന്റെ അധികാര വാഴ്ചയല്ല, നിയമവാഴ്ചയാണ് നടപ്പാക്കേണ്ടത്. മിന്നൽ ഹർത്താൽ വിലക്കുന്ന 2019 ജനുവരി ഏഴിലെ ഉത്തരവിൽ നടപടി സ്വീകരിച്ചിരുന്നെങ്കിൽ പ്രകടനങ്ങളും ആൾക്കൂട്ടവുമുണ്ടാകുമായിരുന്നില്ല.