എ കെ ജി സെന്റർ ആക്രമണം: ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി,കസ്റ്റഡിയിൽ ആവശ്യപ്പെടും
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജിതിനാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. എന്നാൽ സ്കൂട്ടർ ആരുടേതാണെന്നോ എറിഞ്ഞ സ്ഫോടക വസ്തു ഏതാണെന്നോ പ്രതി വ്യക്തമായി ഒന്നും പറയുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജിതിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ഇന്നുരാവിലെയാണ് ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മൺവിള സ്വദേശിയായ ജിതിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തിൽ ജിതിന്റെ പേര് പ്രാരംഭഘട്ടത്തിൽ ഉയർന്നു കേട്ടിരുന്നു. ഇപ്പോൾ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അസ്റ്റുചെയ്തതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ജിതിനെ കണ്ടെത്താൻ സഹായിച്ചത് ആക്രമണ സമയത്തെ ദൃശ്യങ്ങളിൽ കണ്ട കാറും ടീഷർട്ടുമായിരുന്നു. ആക്രമണശേഷം സ്കൂട്ടർ കാറിന്റെ സമീപത്ത് നിർത്തിയതായി കണ്ടെത്തിയിരുന്നു. കാർ ജിതിന്റേതാണെന്ന് തെളിഞ്ഞതാണ് കേസിൽ നിർണായകമായത്. ആക്രമണ ശേഷം ജിതിൻ ഗൗരീശപട്ടത്ത് എത്തിയെന്നും ഇവിടെ നിന്ന് കാറിൽ കയറി പോയെന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. മാത്രമല്ല പ്രതിയുടെ ടീഷർട്ടും ഷൂസും പ്രധാന തെളിവുകളായി. ഈ ടീഷർട്ടായിരുന്നു സിസിടിവി ദൃശ്യങ്ങളിൽ പ്രതി അണിഞ്ഞിരുന്നത്. ഇതേ ബ്രാൻഡിലുള്ള ടീഷർട്ടും ഷൂസും ജിതിൻ വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ടീഷർട്ട് ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റിലുമുള്ളതായി അന്വേഷണ സംഘം പറയുന്നു. ജിതിൻ ഫോണിലെ വിവരങ്ങൾ മായ്ച്ചു കളഞ്ഞുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.