കാസര്‍കോട്ടും പോപുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ പുലര്‍ചെ മുതല്‍ എന്‍ഐഎ റെയ്ഡ്; സ്ഥലത്ത് ഗോ ബാക് വിളികളോടെ പ്രവര്‍ത്തകരുടെ പ്രതിഷേധം, റോഡ് ഉപരോധം
കാസര്‍കോട്: ഇന്‍ഡ്യയിലുടനീളം 24 സംസ്ഥാനങ്ങളിലായി പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായി കാസര്‍കോട്ടെ പോപുലര്‍ ഫ്രണ്ടിന്റെ ഓഫീസിലും പുലര്‍ചെ മൂന്ന് മണി മുതല്‍ റെയ്ഡ് നടന്നു. 70ഓളം കേന്ദ്രങ്ങളിലാണ് രാജ്യത്താകമാനം റെയ്ഡ് നടക്കുന്നത്. കേരളത്തില്‍ 13 പോപുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബശീര്‍, ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. സി കോയ തുടങ്ങിയവരടക്കമുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കാസര്‍കോട് നായന്മാര്മൂല, പെരുമ്പള കടവിലെ പോപുലര്‍ ഫ്രണ്ട് ഓഫീസിലാണ് റെയ്ഡ് നടന്നത്. കേന്ദ്ര സേനയായ സിആര്‍പിഎഫിന്റെ സംരക്ഷണയിലാണ് എന്‍ഐഎയുടെ റെയ്ഡ് നടന്നത്. കേരളത്തില്‍ കാസര്‍കോടിന് പുറമെ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലും പരിശോധന തുടരുകയാണ്. എന്‍ഐഎക്ക് പുറമെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡില്‍ പങ്കാളികളാണ്.
കാസര്‍കോട്ട് ജില്ലാ-മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിലാണ് റെയ്ഡ് നടന്നത്. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ കാംപുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകള്‍ക്ക് ആളുകളെ ചേര്‍ക്കല്‍ തുടങ്ങിയ ആരോപണങ്ങളുടെ പേരിലാണ് ദേശീയ വ്യാപകമായി റെയ്ഡുകള്‍. മൊബൈല്‍ ഫോണുകളും ലാപ്ടോപുകളും അടക്കം കണ്ടെടുത്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കാസര്‍കോട്ട് നിന്ന് എന്തെങ്കിലും കണ്ടെത്തിയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. റെയ്ഡ് നടക്കുന്ന സ്ഥലത്തേക്ക് ആരെയും കടത്തി വിട്ടില്ല.
റെയ്ഡിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓഫീസിന് മുമ്പില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് എന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. 11 മണിയോടെ കാസര്‍കോട്ട് റെയ്ഡ് അവസാനിച്ചു. റെയ്ഡിന് ശേഷവും പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്.