നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ ഹർത്താൽ ഉൾപ്പടെയുള്ള പ്രതിഷേധം, റെയ്ഡ് ഭരണകൂട ഭീകരതയെന്ന് പോപ്പുലർ ഫ്രണ്ട്
കോഴിക്കാേട്: സംഘപരിവാറിനെതിരെ സംസാരിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ. ഇതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ മുതൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതെന്നും കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
‘എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ വേട്ട പോപ്പുലർ ഫ്രണ്ടോടുകൂടി അവസാനിക്കുന്നതല്ല. പോപ്പുലർ ഫ്രണ്ടിനുശേഷം മറ്റുവിഭാങ്ങളെ അടിച്ചമർത്താനുള്ള നടപടികളുമായി ആർ എസ്എസും അവർ നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരും മുന്നോട്ടുപോകും. ഇത്തരം വേട്ടയ്ക്കെതിരെ കേരളത്തിന്റെ പലഭാഗത്തുനിന്നും പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം തുടരുകതന്നെ ചെയ്യും. നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ ഹർത്താൽ ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾക്ക് രൂപം നൽകും. ഭരണകൂട ഭീകരതയ്ക്കെതിരെ ജനാധിപത്യ- മതേതര പൊതു സമൂഹം ശക്തമായി പ്രതിഷേധിക്കണം എന്നാണ് ആവശ്യപ്പെടാനുള്ളത്- അദ്ദേഹം പറഞ്ഞു. റെയ്ഡ് സംബന്ധിച്ച ഒരു വിശദാംശവും നൽകുന്നില്ലെന്നും അബ്ദുൾ സത്താർ പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ രാജ്യവ്യാപകമായി കേന്ദ്ര ഏജൻസികളുടെ (ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് ആരംഭിച്ചത്. കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ്, പരിശീലന ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാന സർക്കാരുകളെപ്പോലും അറിയിക്കാതെയായിരുന്നു റെയ്ഡ്.
പി എഫ് ഐ ദേശീയ – സംസ്ഥാന കമ്മിറ്റി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് പരിശോധന. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ എഴുപത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പി എഫ് ഐ ദേശീയ ചെയർമാൻ ഒ എം എ സലാം അടക്കം പതിമൂന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്തു. സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരത്ത് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവ പിടികൂടി. നിർണായക രേഖകളാണ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റെയ്ഡിനെതിരെ വിവിധയിടങ്ങളിൽ പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. പത്ത് സംസ്ഥാനങ്ങളിൽ നിന്നായി നൂറിലധികം പി എഫ് ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എൻ ഐ എ അറിയിച്ചു. അതേസമയം, റെയ്ഡിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാണ്.