ക്ലാസ്മുറിയില്‍ ഹിജാബ് ധരിക്കുന്നത് മൗലികാവകാശമല്ലെന്ന് കര്‍ണാട, പ്രതിഭാഗംവാദം തുടങ്ങി
ന്യൂഡൽഹി: സ്കൂളിലെ യൂണിഫോം നിയമങ്ങൾക്ക് വിരുദ്ധമായി ക്ലാസ്മുറിയിൽ ഹിജാബ് ധരിക്കുന്നത് മൗലികാവകാശമായി കാണാനാകില്ലെന്ന് കർണാടക സുപ്രീംകോടതിയിൽ. ഹിജാബിന് വിലക്കേർപ്പെടുത്തിയത് ക്ലാസ്മുറിയിൽ മാത്രമാണെന്നും സ്കൂൾബസിലും കാമ്പസിലും ധരിക്കാമെന്നും ഹിജാബ് കേസിൽ കർണാടക അഡ്വക്കേറ്റ് ജനറൽ പ്രബുലിങ് നവാട്ഗി പറഞ്ഞു. സാമ്പത്തികമുൾപ്പെടെയുള്ള അസമത്വങ്ങൾ ഒഴിവാക്കി സമത്വത്തിന്റെ ആശയം നിലനിർത്തുകയാണ് യൂണിഫോമിന്റെ ധർമം. സംസ്ഥാനം ഒരു പ്രത്യേകസമുദായത്തെ ലക്ഷ്യമിട്ടെന്ന ആരോപണവും എ.ജി. നിഷേധിച്ചു.
ന്യൂനപക്ഷവിഭാഗങ്ങൾക്കായി ക്ഷേമപരിപാടികൾ കർണാടക സർക്കാർ നടപ്പാക്കുന്നുണ്ട്. സ്കൂളും വിദ്യാർഥികളും തമ്മിലുള്ള വിഷയമാണിതെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു.
സമത്വത്തിന്റെയും അച്ചടക്കത്തിന്റെയുംപേരിൽ സ്കൂളുകളിൽ മതപരമായ വസ്ത്രങ്ങൾ പരിമിതപ്പെടുത്തിയാൽ, ലോകത്തെ മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ നേരിടാൻ ഭരണകൂടം വിദ്യാർഥികളെ എങ്ങനെ സജ്ജമാക്കുമെന്ന് ജസ്റ്റിസ് സുധാൻഷു ധുലിയ ആരാഞ്ഞു. തുടർച്ചയായി ഒമ്പതാംദിവസമാണ് കേസിൽ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻഷു ധുലിയ എന്നിവരുൾപ്പെട്ട ബെഞ്ച് വാദം കേൾക്കുന്നത്.