ഡി ആർ ഐ റെയ്ഡ്, തിരുവനന്തപുരത്ത് പിടിച്ചത് 158 കോടി രൂപയുടെ ഹെറോയിന്‍; കടത്തിയത് സിംബാബ്വേയില്‍നിന്ന്
തിരുവനന്തപുരം: തലസ്ഥാനത്തിനു സമീപം വന്‍ ലഹരിവേട്ട. ബാലരാമപുരത്ത് 158 കോടി വിലമതിക്കുന്ന 22.5 കിലോ ഹെറോയിനുമായി രണ്ടുപേര്‍ പിടിയിലായി.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്.ഐ.) നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. ബാലരാമപുരത്തിനു സമീപത്തുനിന്നാണ് രണ്ടുപേരെ പിടികൂടിയത്.
വാടകയ്ക്കു വീടെടുത്തു താമസിച്ചുവന്ന തിരുമല കൈരളി നഗര്‍ രേവതിഭവനില്‍ രമേശ് (33), ഇയാളുടെ സുഹൃത്ത് ശ്രീകാര്യം സ്വദേശി സന്തോഷ് (35) എന്നിവരെയാണ് പിടികൂടിയത്. ബാലരാമപുരത്തിനു സമീപം പത്താംകല്ലില് സ്വകാര്യ ആശുപത്രിക്കു സമീപത്തെ കെട്ടിടത്തിനു മുകളില്‍ രണ്ടു മാസമായി ഇവര്‍ താമസിച്ചുവരികയായിരുന്നു. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. സിംബാബ്വേയിലെ ഹരാരെയില്‍നിന്ന് മുംബൈയിലെത്തിച്ച് അവിടെനിന്ന് തീവണ്ടിമാര്‍ഗം മയക്കുമരുന്ന് കേരളത്തിലെത്തിച്ചതായാണ് ഡി.ആര്.ഐ. വൃത്തങ്ങള്‍ അറിയിച്ചത്.
മയക്കുമരുന്ന് സൂക്ഷിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, പിടിയിലായവരെ നിരന്തരം നിരീക്ഷിച്ചിരുന്നു.
പ്രതികള്‍ക്ക് രാജ്യാന്തര കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നു. ആദ്യ തവണ ഇത്രയും വലിയ അളവില്‍ മയക്കുമരുന്നു കടത്താന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ കരുതുന്നു. എക്സ്റേയില്‍ പതിയാത്ത വിധം അറകള്‍ നിര്‍മിച്ച് അതില്‍ മയക്കുമരുന്ന് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. പിടിച്ചെടുത്ത ഹെറോയിന്‍ അന്താരാഷ്ട്രവിപണിയില്‍ കിലോയ്ക്ക് ഏഴു കോടിയോളം വിലയുണ്ടാകും. പിടികൂടിയ രണ്ടുപേരെയും ബുധനാഴ്ച രാത്രി നെയ്യാറ്റിന്‍കര ഒന്നാം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു.