മുത്തശ്ശി നൽകിയ ഇഷ്ടഭക്ഷണം കഴിച്ചു, പിന്നാലെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, രക്തം വാർന്നുപോകുന്നതും നോക്കി ടിവി കണ്ട് യുവാവ്
ചെന്നൈ: മുത്തശ്ശിയെ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട് കൊറുക്കുപ്പേട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. കരുമാരിയമ്മൻ നഗറിൽ താമസിക്കുന്ന വിശാലാക്ഷിയാണ് (70) കൊല്ലപ്പെട്ടത്. സംഭവത്തിൽ വിശാലാക്ഷിയുടെ മകളുടെ മകൻ സതീശ് (28) അറസ്റ്റിലായി.വിശാലാക്ഷിയ്ക്ക് മകൾ അമുദ ഒരു ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. ഇത് സംബന്ധിച്ച വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കരുമാരിയമ്മൻ നഗറിലെ വീട്ടിൽ വിശാലാക്ഷി ഒറ്റയ്ക്കായിരുന്നു താമസം. ഇവരുടെ വീട്ടിലെത്തിയപ്പോൾ വിശാലാക്ഷി സതീശിന്റെ ഇഷ്ടഭക്ഷണമായ ചോറും മീൻ കറിയും നൽകി. ഭക്ഷണത്തിന് പിന്നാലെ അമുദ നൽകാനുള്ള പണം തിരികെ നൽകണമെന്ന് വിശാലാക്ഷി ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ സതീശ് ബ്ളേഡ് ഉപയോഗിച്ച് വൃദ്ധയെ മുറിപ്പെടുത്തുകയും ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ശേഷം കതകുകൾ അടച്ച് ടിവി കണ്ടു.ഇതിനിടെ ബഹളം കേട്ട് അയൽവാസി എത്തി കാര്യം തിരക്കിയപ്പോൾ അത് ടിവിയിൽ നിന്നുള്ള ശബ്ദമാണെന്നും മുത്തശ്ശി പുറത്തുപോയെന്നുമാണ് സതീശ് മറുപടി നൽകിയത്. ശേഷം ടിവി കാണൽ തുടരുകയും ചെയ്തു. കുറച്ചു നേരത്തിന് ശേഷം ഇയാൾ അമ്മയെ വിളിച്ച് മുത്തശ്ശി തെന്നിവീണെന്ന് അറിയിച്ചു. ഇതുകേട്ട് വീട്ടിലെത്തിയ അമുദ രക്തത്തിൽ കുളിച്ച നിലയിലുള്ള വിശാലാക്ഷിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.പൊലീസ് വിശാലാക്ഷിയുടെ വീട്ടിലെത്തിയപ്പോൾ സതീശ് മദ്യപിച്ച നിലയിൽ ടിവി കാണുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ വിശാലാക്ഷിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബ്ളേഡും ചുറ്റികയും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സതീശിനെ അറസ്റ്റ് ചെയ്തു. ഇയാൾ റിമാൻഡിലാണ്.നാല് വർഷം മുൻപ് വീട് വയ്ക്കുന്നതിനായി വാങ്ങിയ രണ്ട് ലക്ഷം രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് വിശാലാക്ഷി അമുദയെയും സതീശിനെയും നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീട് പണിയുന്നതിനായി അമുദ മറ്റ് പലരിൽ നിന്നും കടം വാങ്ങിയിരുന്നു. എന്നാൽ കടം വാങ്ങിയ പണം തിരികെ നൽകാനാകാതെ വന്നതോടെ വീട് വീറ്റ് അമുദ കടം വീട്ടാൻ തുടങ്ങി. വിശാലാക്ഷിയ്ക്ക് ഒരു ലക്ഷം രൂപ നൽകുകയും ബാക്കിയുള്ള പണം വൈകാതെ തിരികെ നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിന് കാലതാമസം ഉണ്ടായപ്പോൾ വിശാലാക്ഷി മകളെയും ചെറുമകനെയും നിരന്തരം അധിക്ഷേപിക്കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.