കാസര്‍കോട്: അദ്ധ്യാപികയെ ക്രൂരമായി കൊലചെയ്ത് കടലില്‍ തള്ളിയ കേസില്‍ സഹ അദ്ധ്യാപകന് വെങ്കിട്ട രമണ കാരന്തരയുടെ (58) നീക്കങ്ങളില്‍ സംശയം തോന്നിയ പൊലീസ് നേരത്തെ തന്നെ ഇയാളുടെ മേല്‍ പിടിമുറുക്കിയിരുന്നു. ആദ്യം ചോദ്യംചെയ്തു വിട്ടയച്ചുവെങ്കിലും കൊലപാതകമാണെങ്കിലും ആത്മഹത്യയാണെങ്കിലും വെങ്കിട്ട രമണയ്ക്ക് പങ്കുണ്ടാകുമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. പിന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ നിരന്തരമായി നടന്ന ചോദ്യംചെയ്യലില്‍ ആ ചിത്രകലാ അദ്ധ്യാപകന് എല്ലാം തുറന്നുപറയേണ്ടിവന്നു. എല്ലാം ഉറപ്പിക്കാന്‍ പ്രതികളായ വെങ്കിട്ട രമണയെയും ഡ്രൈവര്‍ നിരഞ്ജന് കുമാറിനെയും മാറിമാറി ചോദ്യംചെയ്യുകയായിരുന്നു.
അദ്ധ്യാപകനാണെങ്കിലും പ്രതിയുടെ മുഖ്യതൊഴില്‍ പൂജയും ദുര്‍മന്ത്രവാദവുമാണ്. സ്കൂളില്‍ ജോലിക്ക് ഹാജരാകാതെ അവധിയെടുത്തു കര്‍ണാടകയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഹോമം നടത്താനും ദുര്‍മന്ത്രവാദം ചെയ്യാനും പോകുന്നത് പതിവാക്കിയിയിരുന്നു ഇയാള്‍. കൊല്ലപ്പെട്ട മഞ്ചേശ്വരം മീയാപദവ് സ്വദേശിനി ബി.കെ രൂപശ്രീയെ (32)വശീകരിക്കാനും ഇയാള്‍ മന്ത്രവാദം നടത്തിയിരുന്നുവത്രെ. കഴിഞ്ഞ 16ന് രൂപശ്രീയെ സ്വന്തം വീട്ടില്‍ എത്തിച്ചു ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയ ശേഷമാണ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. രൂപശ്രീയെ മയക്കിക്കിടത്തിയ ശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണ്ണ നഗ്നയാക്കി. പിന്നീട് ക്രൂരമായി മുടികള്‍ മുഴുവന്‍ ഇയാള്‍ പിഴുതെടുത്തു. തുടര്‍ന്നാണ് വെള്ളത്തില്‍ മുക്കിയതെന്നും പറയുന്നു. ആദ്യം മുക്കിയ ബക്കറ്റ് പൊട്ടിയതിനാല്‍ പിന്നീട് 250 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി മരണം ഉറപ്പാക്കി.
യുവതി മരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വെങ്കിട്ട രമണയും അയല്‍വാസിയായ ഡ്രൈവര്‍ നിരഞ്ജനും ചേര്‍ന്ന് കാറിന്റെ ഡിക്കിയില്‍ കയറ്റി കൊണ്ടുപോയി കടലില്‍ തള്ളിയത്.
രൂപശ്രീയെ കൊല്ലുന്നതിന് നാല് ദിവസം മുമ്ബ് വെങ്കിട്ട രമണ അവധിയില്‍ പോയിരുന്നു. കര്‍ണാടകയിലെ ഏതോ അജ്ഞാത കേന്ദ്രത്തില്‍ ദുര്‍മന്ത്രവാദം നടത്താന്‍ ആണ് അദ്ധ്യാപകന് പോയത്. ദുര്‍മന്ത്രവാദം നടത്തി കരുത്ത് നേടിയ ശേഷമാണ് അദ്ധ്യാപികയെ വകവരുത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഇയാള്‍ തിരിച്ചെത്തിയത്. രൂപശ്രീയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഏഴ് വര്‍ഷം നീണ്ടുനിന്ന പ്രണയം പൊളിഞ്ഞതിന്റെ പകയാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. സ്കൂളിലെ പ്രദര്‍ശന മത്സരങ്ങളില്‍ മോഡലിംഗ് ഉണ്ടാക്കിയതിന് രൂപശ്രീക്ക് സമ്മാനം ലഭിച്ചിരുന്നു. ഈ മോഡലിംഗ് ഉണ്ടാക്കാന്‍ അദ്ധ്യാപികയെ സഹായിച്ചത് ചിത്രകലാ അദ്ധ്യാപകന് ആയ വെങ്കിട്ട രമണ ആയിരുന്നു. അതിനുള്ള ഉപകാരസ്മരണയില്‍ നിന്നാണ് അദ്ധ്യാപിക വെങ്കട്ട രമണയോട് അടുത്തത്. പൂജയും മന്ത്രവാദവും നടത്തി സാമ്ബത്തികമായി നല്ല ശേഷിയില്‍ ഉണ്ടായിരുന്ന അദ്ധ്യാപകന് സാമ്ബത്തികമായും സഹായിച്ചുവത്രേ. ഇതിനിടയിലാണ് മറ്റൊരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകനുമായി രൂപശ്രീക്ക് ബന്ധമുണ്ടെന്ന് വെങ്കിട്ട രമണ സംശയിച്ചു തുടങ്ങിയത്. അതോടെയാണ് കൊല നടത്താന്‍ തീരുമാനിച്ചത്.
കര്‍ണാടകയിലേക്ക് പൂജ നടത്താന്‍ പോയി നിരഞ്ജനുമായി ചര്‍ച്ച ചെയ്താണ് കൊലപാതകം പ്ളാന്‍ ചെയ്യുന്നത്. 16ന് രാവിലെ തിരിച്ചെത്തിയ അദ്ധ്യാപകന്, രൂപശ്രീയെ സംസാരിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഉപ്പളയില്‍ നിന്ന് പൂജാ സാധനങ്ങള്‍ വാങ്ങി ഹൊസങ്കടി ടൗണില്‍ വച്ച് ഇരുവരും കൂടി കാണുകയും സ്കൂട്ടര്‍ വഴിവക്കില്‍ വെച്ച് അദ്ധ്യാപിക വെങ്കിട്ട രമണയുടെ കാറില്‍ കയറിയാണ് വീട്ടിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കൊലനടത്തുകയും ചെയ്തു.
രൂപശ്രീയെ 16ന് കാണാതായതായി പരാതി നല്കാനെത്തിയപ്പോള് ഭര്‍ത്താന് ചന്ദ്രശേഖരനൊപ്പം ഉണ്ടായിരുന്ന മകനാണ് മാതാവിനെ സഹഅദ്ധ്യാപകന്‍ ശല്യം ചെയ്തിരുന്നതായി പൊലീസിനോട് പറഞ്ഞത്. ഇതോടെ പൊലീസ് ഇയാളെ സംശയനിവാരണത്തിനായി സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിളിച്ചപ്പോള്‍ താന്‍ ഇവിടെയില്ലെന്നും തിരികെവന്ന് സ്റ്റേഷനില്‍ ഹാജരാകാമെന്നും പറഞ്ഞു. എന്നാല്‍ അന്നിയാള്‍ സ്റ്റേഷനിലേക്ക് വന്നില്ല. തുടര്‍ന്ന് അടുത്തദിവസം ഇയാള്‍ വീട്ടിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാല്‍ ചോദ്യംചെയ്തപ്പോള്‍ താനും രൂപശ്രീയുമായി നല്ല സൗഹൃദമാണെന്നും ഫോണില്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും പറഞ്ഞ ഇയാള്‍ കൊലപാതക വിവരം മുഴുവന്‍ മറച്ചുവച്ചു. രൂപശ്രീയുടേത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത പൊലീസ് ഇയാളെ ചോദ്യംചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തു. എന്നാല്‍ എന്തായാലും ഇയാള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന സംശയം അന്നേയുണ്ടായിരുന്നു. ഇതുകൊണ്ട് ഇയാളുടെ ഓരോ നീക്കങ്ങളും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
അദ്ധ്യാപിക സ്കൂട്ടറിലും പിന്നാലെ അദ്ധ്യാപകന് കാറിലും മഞ്ചേശ്വരം ഭാഗത്തേക്ക് ഓടിച്ചു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതവന്നു. മിയാപദവ് പഞ്ചായത്ത് ഗ്രൗണ്ടിന് അടുത്താണ് പ്രതിയുടെ വീട്. അവിടെ വെച്ച് പൂജയും ഹോമവും നടത്തിയതിന് തെളിവുണ്ട്. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍ത്ഥമായി നടത്തിയ അന്വേഷണത്തില്‍ ആണ് കൊലപാതകം തെളിഞ്ഞത്. മൊഴികളിലെ വൈരുദ്ധ്യങ്ങളിലും ക്രൈംബ്രാഞ്ച് പിടിമുറുക്കി. 21 നാണ് കേസ് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ ഏല്‍പ്പിക്കുന്നത്.
മഞ്ചേശ്വരം മേഖലയിലും അതിർത്തി ഗ്രാമങ്ങളിലും നടക്കുന്ന സംഘപരിവാറിന്റെ പരിപാടികളിൽ നിത്യ സാന്നിധ്യമാണ് വെങ്കിട്ട രമണൻ.സ്ഥലത്തെ ധാർമ്മിക താന്ത്രിക ചടങ്ങുകളിലും മുഖ്യ പങ്കാളിയാണ്.ജ്യോതിഷവും ദുര്‍മന്ത്രവാദവും ചേരുംപടി ചേർത്തുമുള്ള ഇയാളുടെ തനത് നമ്പറുകൾ ഭയഭക്തിയോടെയാണ് ജനം കണ്ടിരുന്നത്.ഇതുകൊണ്ടുതന്നെ കൊലക്കേസിൽ അധ്യാപകൻ പിടിയിലായപ്പോൾ കടുത്ത മ്ലാനതയിലാണ് സംഘപരിവാർ കേന്ദ്രങ്ങൾ.