രണ്ട് നായകളെ പരിശോധിക്കുമ്പോൾ ഒന്നിന് പേവിഷബാധ; സംസ്ഥാനത്ത് പേവിഷബാധ നിരക്ക് വര്‍ധിക്കുന്നു
കോട്ടയം: സംസ്ഥാനത്ത് നായകളില്‍നിന്നു ശേഖരിച്ച് പരിശോധനയ്ക്കയക്കുന്ന സ്രവസാംപിളുകളില്‍ പേവിഷബാധ സ്ഥിരീകരണനിരക്ക് (ടി.പി.ആര്.) കൂടുന്നു. വിവിധ ജില്ലകളിലും പരിശോധനാകേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍പ്രകാരം 50 ശതമാനത്തിലേറെയാണ് ഈ നിരക്ക്. രണ്ടുനായകളെ പരിശോധിച്ചാല്‍ ഒന്നിന് പേയുണ്ടെന്ന് ചുരുക്കം.
2016-ല്‍ 16 ശതമാനമായിരുന്ന നിരക്ക് 2021-ല്‍ 56 ശതമാനമായി ഉയര്‍ന്നെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജനും ഗവേഷകനുമായ ഡോ. സി.കെ. ഷാജു പറയുന്നു.
തിരുവല്ലയിലെ വൈറോളജി ലാബില്‍ സമീപമാസങ്ങളില്‍ 51 ശതമാനം സ്രവങ്ങളും പോസിറ്റീവാണ്. മുമ്പിത് 20 ശതമാനമായിരുന്നു. മണ്ണുത്തി വെറ്ററിനറി കോളേജ് ലാബിലെ സാംപിളുകളിലും പകുതിയിലേറെയും പേവിഷബാധ സ്ഥിരീകരിക്കുന്നു. മുമ്പ് ആഴ്ചയില്‍ 4-5 സാംപിളാണ് ഇവിടെ വന്നിരുന്നത്. ഇപ്പോള്‍ ദിവസവും അത്രയുമെത്തുന്നു.
കോട്ടയം ജില്ലയില്‍ ഈവര്‍ഷം 62 മൃഗങ്ങളുടെ സ്രവം പരിശോധിച്ചതില്‍ 34 എണ്ണത്തിന് പേവിഷബാധ സ്ഥിരീകരിച്ചു. 55 ശതമാനം. പേവിഷബാധയുടെ തോത് കൂടുന്നുണ്ടെന്നും വിശദമായ കണക്ക് തയ്യാറായിവരുന്നതായും സംസ്ഥാന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസസ് ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. എസ്. നന്ദകുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഈ വര്‍ഷം പേവിഷബാധയ്ക്കെതിരേയുള്ള വാക്സിന് സ്വീകരിച്ചവര്‍ 3.6 ലക്ഷം വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ 90 ശതമാനവും പട്ടികടിയേറ്റവരാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിലേറെ
2016-ല്‍ 16 ശതമാനമായിരുന്ന നിരക്ക് 2021-ല്‍ 56 ശതമാനമായി
കോട്ടയത്ത് 62 സാംപിള്‍ സ്രവം പരിശോധിച്ചതില്‍ 34 -നും പേ സ്ഥിരീകരിച്ചു
എണ്ണവും ക്രൗര്യവും കൂടുന്നതെന്തുകൊണ്ട്
• കോവിഡ് കാലത്ത് വീടുകളില്‍ രണ്ടും മൂന്നും നായകളെവരെ പരിപാലിച്ച പലരും ജീവിതം പഴയനിലയിലായതോടെ അവയെ ഉപേക്ഷിച്ചു. കൃത്യമായി ആഹാരംകഴിച്ചിരുന്ന ഈ ജീവികള്‍ തെരുവിലെത്തിയപ്പോള്‍ അരക്ഷിതരായി പരാക്രമം കാണിക്കുന്നു
• നായകളെ ബ്രീഡ്ചെയ്ത് വില്ക്കുന്നവര് മോശം കുഞ്ഞുങ്ങളെയും രോഗംവന്നവയെയും തെരുവില്‍ തള്ളുന്നു.
• ചട്ടംലംഘിച്ച അറവുശാലാമാലിന്യം വഴിയരികില്‍ തള്ളുന്നു. പച്ചമാംസാവശിഷ്ടം തിന്നുന്ന തെരുവുനായകള്‍ ഇതു കിട്ടാതെവന്നാല്‍ അക്രമാസക്തരാകാമെന്ന് മണ്ണുത്തി വെറ്ററിനറി കോളേജിലെ ശാസ്ത്രജ്ഞ ഡോ. പ്രസന്ന പറയുന്നു.
• ലോക്ഡൗണ്‍ കാലത്ത് തെരുവുനായകള്‍ക്ക് മനുഷ്യസമ്പര്‍ക്കം കുറഞ്ഞത് വന്യസ്വഭാവം വര്‍ധിക്കാനിടയാക്കി
• വന്ധ്യംകരണം പാളി. വന്ധ്യംകരിച്ചാല്‍ നായകളെ നിശ്ചിതദിവസം പരിപാലിക്കാനുള്ളയിടം മിക്കയിടത്തും ഇല്ല.