പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി; വന്‍ പ്രതിഷേധം
ലുധിയാന: പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ജലന്ധറിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാല കാമ്പസിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പത്തുദിവസത്തിനിടെ കാമ്പസില്‍ രണ്ടുവിദ്യാര്‍ഥികളാണ് ജീവനൊടുക്കിയതെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് മലയാളി വിദ്യാര്‍ഥിയായ അഖിന് എസ്. ദിലീപി(21)നെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബി.ഡിസൈന്‍ വിദ്യാര്‍ഥിയായിരുന്നു. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന് ഒരുമാസം മുമ്പാണ് ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ ബി.ഡിസൈന്‍ കോഴ്സിന് ചേര്‍ന്നത്.
വ്യക്തിപരമായ പ്രശ്നങ്ങളാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും കപുര്‍ത്തല പോലീസ് അറിയിച്ചു. ഇതേ വിശദീകരണം തന്നെയാണ് സര്‍വകലാശാല അധികൃതരും നല്‍കിയത്. പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, കാമ്പസില്‍ പത്തുദിവസത്തിനിടെ നടന്ന രണ്ടാമത്തെ ആത്മഹത്യയാണിതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ആദ്യത്തെ സംഭവം സര്‍വകലാശാല അധികൃതര്‍ മൂടിവെച്ചതായും രണ്ട് ആത്മഹത്യകള്‍ക്ക് പിന്നിലെയും യഥാര്‍ഥ കാരണം അറിയണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥി ജീവനൊടുക്കിയപ്പോള്‍ സര്‍വകലാശാല അധികൃതര്‍ എല്ലാം ഒതുക്കിതീര്‍ക്കുകയാണ് ചെയ്തെന്നും പ്രതിഷേധത്തിനിറങ്ങിയ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.