നഗരത്തിൽ നിറയെ പേ സിഎം പോസ്റ്ററുകൾ, ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നവർക്ക് ലഭിക്കുന്നത് അഴിമതിക്കെതിരെ പരാതി പറയാനുള്ള പുതിയ വഴി
ബംഗളൂരു : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ ഉടൻ പ്രവേശിക്കാനിരിക്കേ, ഭരണകക്ഷിയായ ബി ജെ പിക്കെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ്. ഇതിന്റെ ഭാഗമായി ബംഗളൂരുവിലുടനീളം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മുഖചിത്രവും ക്യുആർ കോഡുമുള്ള ‘പേ സിഎം’ പോസ്റ്ററുകൾ പതിച്ചിരിക്കുകയാണ്. സർക്കാർ അഴിമതിക്കെതിരെ പൗരന്മാർക്ക് പരാതി നൽകുന്നതിനായിട്ടാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.മുഖ്യമന്ത്രിയുടെ ഫോട്ടോയിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നവർ കോൺഗ്രസ് അടുത്തിടെ ആരംഭിച്ച വെബ്സൈറ്റിലേക്കാണ് ( 40percentsarkara.com)എത്തുക. 40ശതമാനം സർക്കാർ എന്ന പേരിൽ അറിയപ്പെടുന്ന സൈറ്റ് ബി ജെ പി ഭരണത്തിൽ 40 ശതമാനം കമ്മീഷൻ നിരക്ക് ഉണ്ടെന്ന കോൺഗ്രസ് ആരോപണത്തെ തുടർന്നാണ് നിർമ്മിച്ചത്.സംസ്ഥാന സർക്കാരിനെ ലക്ഷ്യമിട്ടുള്ള അഴിമതി ആരോപണങ്ങളിലാണ് കോൺഗ്രസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ സൈറ്റിലൂടെ ജനങ്ങൾക്ക് അവർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാവും. കർണാടക കോൺഗ്രസിലെ മുതിർന്ന നേതാവ് സിദ്ധരാമയ്യ ബിജെപി സർക്കാരിനെ ’40 ശതമാനം സർക്കാർ’ എന്ന് വിളിച്ച് അടുത്തിടെ പരിഹസിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ സർക്കാർ മൗനം പാലിക്കുന്നത് ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ് പറഞ്ഞു.