പട്ടി കടിച്ച് ചികിത്സയിൽ കഴിയവേ യുവതി കുഴഞ്ഞ് വീണ് മരിച്ചു
തിരുവനന്തപുരം: പട്ടി കടിച്ച് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകൾ അഭിജ(24)ആണ് മരിച്ചത്.ഒന്നര മാസം മുമ്പാണ് അഭിജയെ പട്ടി കടിച്ചത്. മൂന്ന് വാക്സിനും എടുത്തിരുന്നു. ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് ഏറ്റവും ഒടുവിൽ വാക്സിൻ സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയോട് പറഞ്ഞെങ്കിലും ഗുരുതരമല്ലാത്തതിനാൽ ഗൗരവമായി എടുത്തില്ല. പിന്നീട് പുറത്തുപോയ അമ്മ തിരികെ എത്തിയപ്പോഴേക്കും അഭിജ ബോധംകെട്ട നിലയിലായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിജ അവിവാഹിതയാണ്. സഹോദരി-അനൂജ.