നദിയിൽ കുളിക്കാനിറങ്ങിയ ബിനുവിന് മുന്നിലൂടെ ഒഴുകി വന്നത് രണ്ട് ചാക്കുനിറയെ നോട്ടുകെട്ട്
ആറ്റിങ്ങൽ: സിനിമാചിത്രീകരണത്തിനുപയോഗിക്കുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾ ആറ്റിങ്ങൽ മാമം നദിയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പന്തലക്കോട് ഭാഗത്ത് ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം.
രാവിടെ കുളിക്കാനെത്തിയ പന്തലക്കോട് സ്വദേശി ബിനു രാമചന്ദ്രനാണ് രണ്ട് ചാക്കുകെട്ടുകൾ ഒഴുകി വരുന്നത് ആദ്യം കണ്ടത്. കെട്ടുകൾ കരയ്ക്കെത്തിച്ച് പരിശോധിച്ചപ്പോൾ അഞ്ഞൂറിന്റെ നോട്ടുകെട്ടുകളാണെന്ന് മനസിലായതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസിന്റെ പരിശോധനയിലാണ് നോട്ടുകൾ സിനിമാ ഷൂട്ടിംഗിന് വേണ്ടി ഉപയോഗിക്കുന്നതാണെന്ന് വ്യക്തമായത്.വിവരമറിഞ്ഞ് നാട്ടുകാർ ഒത്തുകൂടിയത് പൊലീസിന് തലവേദനയായി. നോട്ടിൽ ഷൂട്ടിംഗിന് ഉപയോഗിക്കുന്നതാണെന്ന് രേഖപ്പെടുത്തിയ കാര്യം പൊലീസ് കാണിച്ചു കൊടുത്തതോടെയാണ് നാട്ടുകാരുടെ അമ്പരപ്പ് മാറിയത്. നോട്ടുകൊട്ടുകൾ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എസ്.ഐ സെന്തിൽ കുമാർ പറഞ്ഞു.