മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദിച്ച് കെ എസ് ആർ ടി സി ജീവനക്കാർ; കയ്യൂക്ക് കാണിക്കാനുള്ള സ്ഥലമല്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: മകളുടെ മുന്നിൽ അച്ഛനെ ക്രൂരമായി മർദിച്ച് കെഎസ്ആർടിസി ജീവനക്കാർ. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം. ആമച്ചൽ സ്വദേശി പ്രേമനാണ് മർദനത്തിനിരയായത്. വിദ്യാർത്ഥിയായ മകളുടെ കൺസഷനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. മകളുടെ കൺസഷൻ അപേക്ഷിക്കാനായി ഡിപ്പോയിൽ എത്തിയതായിരുന്നു പ്രേമനും മകളും. മകളുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. കൺസഷൻ നൽകണമെങ്കിൽ ഡിഗ്രി കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും ജീവനക്കാർ പറഞ്ഞു. എന്നാൽ മൂന്ന് മാസമായി താൻ ഇതിനായി നടക്കുകയാണെന്നും കൺസഷൻ നൽകണമെന്നും പ്രേമൻ ആവശ്യപ്പെട്ടു. പക്ഷെ കൺസഷൻ നൽകാൻ ജീവനക്കാർ തയാറായില്ല. തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
കെഎസ്ആർടിസിയുടെ ഈ അവസ്ഥയ്ക്ക് കാരണം ജീവനക്കാരുടെ ഇത്തരത്തിലുള്ള നടപടിയാണെന്ന് പ്രേമൻ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. ഡിപ്പോയിൽ ഉണ്ടായിരുന്ന മുറിയിലേക്ക് ഇയാളെ വലിച്ചുകൊണ്ടുപോയി മർദിച്ചു. അച്ഛനെ മർദിക്കരുതേ എന്ന് മകൾ പലതവണ ആവശ്യപ്പെട്ടു. എന്നാൽ പിൻമാറാൻ ജീവനക്കാർ തയ്യാറായില്ല. മർദ്ദനം തടയാൻ ശ്രമിക്കുന്നതിനിടെ മകൾക്കും മർദമേറ്റു. തുടർന്ന് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, കയ്യൂക്ക് കാണിക്കേണ്ട സ്ഥലമല്ല സർക്കാർ ഓഫീസ് എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. സംഭവത്തിൽ എംഡിയോട് മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.