നടി ദീപയുടെ മരണ കാരണം പ്രണയനൈരാശ്യമെന്ന് ആത്മഹത്യാക്കുറിപ്പ്
ചെന്നൈ: നടി ദീപയുടെ മരണകാരണം പ്രണയനൈരാശ്യമെന്ന് അന്വേഷണസംഘം. ഇക്കാര്യം പറയുന്ന ആത്മഹത്യാക്കുറിപ്പ് കോയമ്പേട് പോലീസ് കണ്ടെടുത്തു. സിസിടിവിയുടെ സഹായത്തോടെയും സാധ്യമായ എല്ലാ രീതിയും അവലംബിച്ചും ഊർജിതമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ദീപയുടെ ഫ്ലാറ്റിൽ എത്തിയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഒരു ഓട്ടോറിക്ഷയിലാണ് ദീപ ഫ്ലാറ്റിലെത്തിയത്. നടി മറ്റാരെങ്കിലും ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ഈ മാസം 18-നാണ് ദീപ എന്ന പൗളീൻ ജെസ്സീക്കയെ ചെന്നൈയിലെ താമസസ്ഥലമായ വിരുഗമ്പാക്കം മല്ലിക അവന്യൂവിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് നടിയെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് കോയമ്പേട് പൊലീസിൽ അറിയിച്ചത്.
വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് താരത്തിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയും മൃതദേഹം താരത്തിന്റെ സ്വദേശമായ ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദീപ, സി.എസ്. മഹിവർമൻ സംവിധാനം ചെയ്ത് ഈവർഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്. മിഷ്കിൻ സംവിധാനംചെയ്ത തുപ്പറിവാളനിൽ ഉപനായികമാരിൽ ഒരാളായിരുന്നു. മറ്റുചില സിനിമകളിൽ അഭിനയിക്കാനിരിക്കേയാണ് വിരുഗുമ്പാക്കത്തെ ഫ്ളാറ്റിൽ ഫാനിൽ തൂങ്ങിമരിച്ചനിലിയിൽ കണ്ടെത്തിയത്.