കബഡി താരങ്ങള്‍ക്ക് ഭക്ഷണം ടോയ്ലറ്റില്; വേറെ സ്ഥലമില്ലാത്തിനാലാണെന്ന് അധികൃതര്‍
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും കഴിക്കുന്നതുമെല്ലാം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കോ ഭക്ഷ്യവിഷബാധയ്ക്കോ കാരണമാകാം. അത്തരത്തില്‍ മോശം സാഹചര്യത്തില്‍ ഭക്ഷണം കഴിക്കേണ്ടിവന്നിരിക്കുകയാണ് ഒരുകൂട്ടം കബഡി താരങ്ങള്‍ക്ക്. ഉത്തര്‍ പ്രദേശിലെ സഹരന്‍പൂരില്‍ നടന്ന അണ്ടര്‍-17 സംസ്ഥാനതല കബഡി ടൂര്‍ണമെന്റിനെത്തിയ താരങ്ങളാണ് ദുരവസ്ഥ നേരിട്ടത്.
സെപ്റ്റംബര്‍ 16-ന് നടന്ന സംഭവം ചില താരങ്ങള്‍ തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ടോയ്ലറ്റിനുള്ളില്‍വെച്ച് താരങ്ങള്‍ ചോറും കറികളും വിളമ്പുന്നതാണ് വീഡിയോയിലുള്ളത്. ഒരു പാത്രത്തില്‍ നിന്ന് താരങ്ങള്‍ ചോറ് വാരിയെടുക്കുന്നതും അതിന് സമീപത്തായി ഒരു പേപ്പറില്‍ പൂരി കൂട്ടിയിട്ടിരിക്കുതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. തീര്‍ത്തും വൃത്തിയില്ലാത്ത സാഹചര്യമാണ് വീഡിയോയില്‍ കാണുന്നത്. തറയിലെല്ലാം അഴുക്കും പാടുകളും കാണാം.
ഇതു ചര്‍ച്ചയായതോടെ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. സ്ഥലമില്ലാത്തതിനാല്‍ ഭക്ഷണം ‘ചേഞ്ചിങ് റൂമില്‍’ സൂക്ഷിച്ചതാണെന്ന് സഹരന്‍പൂര്‍ സ്പോര്‍ട്സ് ഓഫീസര്‍ അനിമേഷ് സക്സേന പ്രതികരിച്ചു. അതേസമയം സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.