ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടന്നയായി അഭിഭാഷകന് കോടതിയില്‍. പ്രതികള്‍ക്ക് ദയാഹര്‍ജി നല്കാന് ആവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്നും കാണിച്ച് നല്കിയ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് അഭിഭാഷകന് ഇക്കാര്യം പറഞ്ഞത്.
തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടു എന്നാണ് അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ആവശ്യമായ രേഖകള്‍ ലഭിക്കുന്നില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു. ഈ വാദം ജയില്‍ അധികൃതര്‍ നിഷേധിച്ചു. എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും ഏതെങ്കിലം രേഖകള്‍ കൂടുതലായി ആവശ്യമാണെങ്കില്‍ അവ നല്കാന് തയ്യാറാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.ഇതിനിടയിലാണ് വിനയ് ശര്‍മയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടന്നയായി അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്. വിനയ് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ മെഡിക്കല്‍ രേഖകള്‍ ജയില്‍ അധികൃതര്‍ കൈമാറുന്നില്ല എന്നും അഭിഭാഷകന് പറഞ്ഞു.
കേസിലെ രണ്ട് പ്രതികളായ വിനയ് കുമാര്‍ ശര്‍മയും മുകേഷ് സിങ്ങും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പിലാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.