മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; തമിഴ്നാട് സ്വദേശിയടക്കം നാല് പേർ അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പറമ്മൽ കൃഷ്ണനും, പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദും, പൂക്കോട്ടൂർ കെ പി അഷറഫും, പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവനുമാണ് അറസ്റ്റിലായത്.
ഈ മാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം ടൗണിൽ നിന്ന് പെൺകുട്ടിയെ ഇരുചക്രവാഹനത്തിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ശേഷം മുറിയിൽ എത്തിച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.
ശരീരമാസകലം പരിക്കുമായി അർദ്ധരാത്രിയാണ് പെൺകുട്ടി മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.