ഭാര്യയ്ക്ക് തന്നേക്കാൾ വിദ്യാഭ്യാസം, സ്വന്തമായി വരുമാനമുണ്ടാക്കുന്നതും സഹിച്ചില്ല; യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: കലഞ്ഞൂരിൽ യുവതിയുടെ കൈപ്പത്തി ഭർത്താവ് വെട്ടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശി വിദ്യ(27) യുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. അറ്റുപോയ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ കഴിഞ്ഞ ദിവസം തുന്നിച്ചേർത്തിരുന്നു.
ഭർത്താവ് സന്തോഷ് ഇതിനുമുൻപും യുവതിയെ മർദിച്ചിരുന്നു. വിദ്യയ്ക്ക് തന്നേക്കാൾ വിദ്യാഭ്യാസമുള്ളതും, കുട്ടികൾക്ക് ട്യൂഷനെടുത്ത് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിലും ഇയാൾക്ക് ഇഷ്ടക്കേടുണ്ടായിരുന്നു. സംശയരോഗിയായ പ്രതി മകന്റെ പേരിടൽ ചടങ്ങിനെത്തിയപ്പോൾ പോലും വിദ്യയെ ദേഹോപദ്രവമേൽപ്പിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
തുടർന്നാണ് വിവാഹ മോചനത്തിനായി യുവതി കേസ് ഫയൽ ചെയ്തത്. ഒരാഴ്ച മുൻപ് മകനെ തനിക്ക് വിട്ടുതരണമെന്ന് സന്തോഷ് വിദ്യയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. യുവതി അതിന് തയ്യാറാകാതെ വന്നതോടെയാണ് ആക്രമിച്ചത്.