വിവാഹനിശ്ചയം കഴിഞ്ഞ ഡോക്ടർ പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ ഇൻസ്റ്റയിലിട്ടു, ആൺസുഹൃത്തുക്കളെ കൂട്ടിവന്ന് തല്ലിക്കൊന്ന് യുവതി
ബംഗളൂരു : പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഡോക്ടറെ യുവതി തല്ലിക്കൊന്നു. ബംഗളൂരുവിലാണ് സംഭവം. ചെന്നൈ സ്വദേശിയുമായ ഡോക്ടർ വികാഷ് രാജനെയാണ് തന്റെ നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് യുവതി തല്ലിക്കൊന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് 27കാരനായ ഡോക്ടറെ യുവതി കൊലപ്പെടുത്തിയത്. സെപ്തംബർ പത്തിനാണ് സംഘം ഡോക്ടറെ ആക്രമിച്ചത്. സംഭവത്തിൽ യുവതിയെ കൂടാതെ രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണ്. ഒരാളെ കൂടി പിടികൂടാനുണ്ട്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് യുക്രെയിനിലാണ് വികാഷ് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. എംബിബിഎസ് പൂർത്തിയാക്കിയ ശേഷം രണ്ട് വർഷം ചെന്നൈയിൽ പ്രാക്ടീസ് ചെയ്തു. പിന്നീട് ഉന്നത പഠനത്തിനായുള്ള തയ്യാറെടുപ്പിനായി നാല് മാസമായി ബംഗളൂരുവിലായിരുന്നു. ഇവിടെ വച്ചാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വികാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സെപ്തംബർ 14ന് മരണമടയുകയായിരുന്നു.
യുവതിയുമായി വികാഷ് രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വികാഷ് യുവതിയുടെ നഗ്നചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇതിനായി ഇയാൾ മറ്റൊരു പേരിൽ അക്കൗണ്ട് നിർമ്മിച്ചു. തമിഴ്നാട്ടിലെ ഏതാനും സുഹൃത്തുക്കളുമായി ചിത്രം പങ്കുവെക്കുകയും ചെയ്തു. തന്റെ ഫോട്ടോകൾ തിരിച്ചറിഞ്ഞ യുവതി വികാഷിനോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് യുവതി സംഭവം ആൺസുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും, കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു.