കക്കൂസുണ്ടോയെന്ന് ചോദിച്ച് കരിമ്പൂച്ചകളെത്തിയതിന് പിന്നാലെ രാഹുൽ വീട്ടിലേക്ക്, വീട് വളഞ്ഞ് തോക്കുമായി സുരക്ഷാ സംഘം, ഞെട്ടൽ മാറാതെ സ്മിത
ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ മൂന്നാം ദിനം പുലർന്നത് കടൽത്തീരത്താണ്. അതിരാവിലേതന്നെ മത്സ്യത്തൊഴിലാളികളെ കാണാൻ രാഹുൽ മത്സ്യഗന്ധി കടപ്പുറത്തെത്തി. രാഹുലിനെ അടുത്ത് കാണാനും വിഷമങ്ങൾ പങ്കുവെയ്ക്കാനും പലരും കുട്ടികളുൾപ്പടെ കുടുംബമായിത്തന്നെയെത്തി.
മത്സ്യത്തൊഴിലാളിയുടെ മകനും പിഎച്ച്.ഡി വിദ്യാർത്ഥിയുമായ രാഹുൽ, ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സഹായവും കേന്ദ്രസർക്കാരിൽ നിന്നു ലഭിക്കുന്നില്ലെന്ന പരാതി രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തി. സാധാരണക്കാരുടെ മക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കണം എന്നതിലോ തൊഴിൽ ലഭിക്കണമെന്നതിലോ സർക്കാരിന് നയാതൊരു താൽപര്യവുമില്ലെന്ന് മറുപടിയിൽ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
7 മണിയോടെ പുന്നപ്രയിൽ നിന്നാണ് ഇന്നലെ യാത്ര തുടങ്ങിയത്. രാഹുൽ ഗാന്ധിയെ കാണാൻ പുലർച്ചെ മുതൽ തന്നെ ധാരാളം പേർ പായോരങ്ങളിൽ കാത്തുനിന്നു. 7.30ഓടെ ജാഥ ആലപ്പുഴ നഗരത്തിൽ പ്രവേശിച്ചു. ഇടയ്ക്ക് പെയ്ത മഴയെയും അവഗണിച്ചാണ് യാത്ര മുന്നോട്ട് നീങ്ങിയത്.
വഴി മദ്ധ്യേ അങ്കണവാടി
അതിവേഗത്തിൽ കുതിക്കുന്ന രാഹുലിനോട് തങ്ങളുടെ പ്രശ്നങ്ങൾ അതിവേഗം അവതരിപ്പിക്കാൻ അങ്കണവാടി ജീവനക്കാർ ഒപ്പംകൂടി. യൂണിഫോം ധരിച്ചെത്തിയ ജീവനക്കാർക്ക് തന്റെ അടുത്തെത്താൻ രാഹുൽ അവസരം നൽകി. അങ്കണവാടി ജീവനക്കാർക്കായി പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും പരിഹാരത്തിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ രണ്ടായിരം അങ്കണവാടി ജീവനക്കാർ ഒപ്പിട്ട ഭീമഹർജി രാഹുൽ ഗാന്ധിക്ക് നൽകി.
ഞെട്ടൽ മാറാതെ സ്മിത
ദേശീയപാത വഴി യാത്ര കടന്നുപോകുമ്പോൾ ഒരു നോക്ക് കാണണമെന്നാഗ്രഹിച്ചിരുന്ന ആറാട്ടുവഴി മോഹനത്തിൽ സ്മിതയുടെ വീട്ടിലേക്ക് രാഹുൽ കടന്നെത്തിയത് അപ്രതീക്ഷിതമായാണ്. യാത്രയിൽ പങ്കെടുക്കുന്ന വനിതാ എം.പിക്ക് ഉപയോഗിക്കാൻ കക്കൂസ് ലഭിക്കുമോ എന്ന ചോദ്യവുമായി കരിമ്പൂച്ചകളാണ് ആദ്യമെത്തിയതെന്ന് സ്മിത പറഞ്ഞു. ഇന്ത്യൻ ക്ലോസെറ്റും യൂറോപ്യൻ ക്ലോസെറ്റും പരിശോധിച്ച സംഘം പ്രായമായ അമ്മ വിശ്രമിക്കുന്ന മുറി ആയതിനാൽ യൂറോപ്യൻ ഒഴിവാക്കി. നിമിഷങ്ങൾക്കകം സുരക്ഷാഗാർഡുകൾ ഇരച്ചെത്തി. ഇനി വീട്ടിലേക്ക് ആരും പ്രവേശിക്കരുതെന്നും അകത്തുള്ളവർ പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകി. ഇതോടെ സ്മിതയുടെ ഭർത്താവ് ആറാട്ടുവഴി ഹിന്ദ് ടയേഴ്സ് ഉടമ അനിലും ഇളയ മകൾ അഞ്ജനയും വീടിന് പുറത്തായി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ കൺമുന്നിൽ വന്നുനിന്ന രാഹുൽ വീട്ടിലേക്ക് പ്രവേശിക്കാൻ അനുമതി ചോദിച്ചു. വീട്ടിലെത്തിയ ദേശീയ നേതാവിനൊപ്പം സെൽഫി എടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സാധിക്കില്ലെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ മറുപടി. എന്നാൽ സ്മിതയെയും മകൾ ഗായത്രിയെയും അമ്പരപ്പിച്ചുകൊണ്ട്, സെൽഫിയെടുക്കണോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
ഹൗസ്ബോട്ട് യാത്ര
രാവിലെ 10ന് കാമിലേട്ട് കൺവെൻഷൻ സെന്ററിന് മുന്നിൽ ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം അവസനിച്ചതോടെ രാഹുലും സംഘവും നേരെ പുന്നമടയ്ക്ക് പുറപ്പെട്ടു. കോൺഗ്രസ് നേതാവും ഹൗസ് ബോട്ട് ഉടമയുമായ ആർ.ആർ. ജോഷിരാജിന്റെ ബേപ്രൈഡ് എന്ന ഇരുനില ബോട്ടിൽ രാഹുലും പ്രധാന നേതാക്കളും കയറി. യാത്രയിലെ സ്ഥിരാംഗങ്ങളുൾപ്പടെ നൂറുകണക്കിന് പേർക്ക് സഞ്ചരിക്കാൻ മറ്റ് മൂന്ന് ഹൗസ് ബോട്ടുകളും ഒരുക്കിയിരുന്നു. നോർത്ത് ഇന്ത്യൻ ഭക്ഷണമാണ് രാഹുൽ ഉച്ചയ്ക്ക് കഴിച്ചത്.