എലിസബത്ത് രാജ്ഞിയുടെ അന്ത്യയാത്ര ആരംഭിച്ചു; ഭൗതികദേഹം വെസ്റ്റ്മിനിസ്റ്റർ ആബിയിലേക്ക്
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുളള വിലാപയാത്ര ആരംഭിച്ചു. വെസ്റ്ര്മിനിസ്റ്റർ ആബിയിലേക്കാണ് ഭൗതികദേഹം കൊണ്ടുപോകുന്നത്. പ്രാദേശിക സമയം 11 മണിയോടെ (ഇന്ത്യൻ സമയം വൈകിട്ട് 3.30) ആരംഭിച്ച ചടങ്ങിൽ രാജ്ഞിയുടെ മൂത്ത മകനും രാജാവുമായ ചാൾസ് മൂന്നാമന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ പിന്നാലെ അകമ്പടി സേവിക്കുന്നുണ്ട്.ലക്ഷക്കണക്കിന് ജനങ്ങളാണ് മണിക്കൂറുകളോളം ക്യൂ നിന്ന് അവസാനമായി രാജ്ഞിയ്ക്ക് ആദരവർപ്പിച്ചത്. വെസ്റ്റ്മിൻസ്റ്റർ ഡീൻ, കാന്റർബറി ആർച്ച്ബിഷപ്പ് എന്നിവർ സംസ്കാര ചടങ്ങുകളിൽ നേതൃത്വം വഹിക്കും. ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികിലാണ് രാജ്ഞിയുടെ അന്ത്യവിശ്രമം.ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കോമൺവെൽത്ത് സെക്രട്ടറി ജനറലും അനുസ്മരണ പ്രസംഗം നടത്തും. രാജരഥത്തിൽ ഭൗതികശരീരം 142 റോയൽ നേവി അംഗങ്ങൾ ചേർന്ന് നിയന്ത്രിക്കും. രണ്ട് മിനിട്ട് മൗനം ആചരിച്ച ശേഷം 11.55ഓടെ ബ്രിട്ടീഷ് ദേശീയ ഗാനം ആലപിക്കും.തുടർന്ന് ഗൺ ക്യാരേജിൽ ദി മാൾ വഴി വെല്ലിംഗ്ടൺ ആർച്ചിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. തുടർന്ന് വിൻസർ കാസിലിൽ ഭൗതികദേഹം എത്തിക്കും. വൈകിട്ട് 4.30ഓടെ രാജകുടുംബാംഗങ്ങളുടെയും പേഴ്സണൽ സ്റ്റാഫിന്റെയും സാന്നിദ്ധ്യത്തിൽ സെന്റ് ജോർജ് ചാപ്പലിൽ രണ്ടാംഘട്ട സംസ്കാര ചടങ്ങ് ആരംഭിക്കും. രാത്രി 7.30ഓടെ അന്തിമ സംസ്കാര ശുശ്രൂഷ നടക്കും. വളരെ അടുത്ത ബന്ധുക്കളാണ് ഈ ചടങ്ങിലുണ്ടാകുക.