കാഞ്ഞങ്ങാട് നഗരസഭ ശുചിത്വ സന്ദേശ പ്രതിജ്ഞയെടുത്തു
കാഞ്ഞങ്ങാട്:മാലിന്യമുക്ത നഗരങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ദേശീയതലത്തില്‍ നടത്തുന്ന ഇന്ത്യന്‍ സ്വച്ഛത ലീഗിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ ശുചിത്വ സന്ദേശ പ്രതിജ്ഞയെടുത്തു. ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷൈന്‍, ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാദ്ധ്യാപകന് വിനോദ് മേലത്ത്, ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകര്‍, എന്‍എസ്എസ്, എസ്.പി.സി വളണ്ടിയര്‍മാര്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, വ്യാപാരി സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചിത്വ സന്ദേശ പ്രതിജ്ഞയില്‍ പങ്കെടുത്തു.
നഗരസഭയെ മാലിന്യമുക്തമാക്കാന്‍ ടീം കാഞ്ഞങ്ങാട് എന്ന പേരില്‍ ഇതിനായി ഒരു ഗ്രൂപ്പും രൂപീകരിച്ചു. ഇന്ത്യന്‍ സ്വച്ഛത ലീഗിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ വിപുലമായ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തും. ഒക്ടോബര്‍ 2 വരെയുള്ള ദിവസങ്ങളില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, യുവജന സംഘടനകള്‍, വ്യാപാരി സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടുകൂടി ശുചീകരണ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത പറഞ്ഞു.