പ്രധാനമന്ത്രിക്കെതിരെ ആ കമന്റിട്ടത് ഞാനല്ല, എനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ടില്ല -നസ്ലെൻ
ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴിൽ ആരോ ഒരാൾ പ്രധാനമന്ത്രിക്കെതിരെയിട്ട കമന്റിൽ പുലിവാല് പിടിച്ചിരിക്കുകയാണ് നടൻ നസ്ലെൻ. ഇത് തന്റെ പേരും ചിത്രവുമുപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. കൊച്ചിയിൽ സൈബർ സെല്ലിൽ പരാതി നൽകിയതായും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നസ്ലെൻ വ്യക്തമാക്കി.
കുറച്ച് സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് താനറിയുന്നതെന്ന് നസ്ലെൻ പറഞ്ഞു. ഫെയ്സ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.instagram.com/naslenofficial/?utm_source=ig_embed&ig_rid=06c5e842-c9ff-4efe-add9-5f122ee222fe
ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്ലെന് പറയുന്നു.
കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. തണ്ണീർ മത്തൻ ദിനങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ നടനാണ് നസ്ലെൻ. കുരുതി, ഹോം, ജോ ആൻഡ് ജോ, പത്രോസിന്റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളിലും നസ്ലെൻ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.