കടക്ക് പുറത്ത് എന്ന് പറയാനാവില്ല, എം എൽ എ പാകിസ്ഥാന്റെ ഭാഷയിൽ സംസാരിക്കുന്നു: പരിഹസിച്ച് ഗവർണർ
തിരുവനന്തപുരം: അസാധാരണ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാദ്ധ്യമങ്ങളിൽ നിന്ന് മാറിനടക്കാനില്ലെന്ന് വ്യക്തമാക്കിയ ഗവർണർ മാദ്ധ്യമങ്ങളോട് മുഖ്യമന്ത്രി പറയുന്നതുപോലെ കടക്ക് പുറത്ത് എന്ന് പറയാനാവില്ലെന്നും വ്യക്തമാക്കി.മുൻ മന്ത്രിമാരായ കെ ടി ജലീലിനെയും സജിചെറിയാനെയും വാർത്താസമ്മേളനത്തിൽ ഗവർണർ രൂക്ഷമായി വിമർശിച്ചു. ഒരു എം എൽ എ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്തു എന്നാണ് ജലിലീന്റെ ആസാദി കാശ്മീർ പരമാർശത്തെ ഉദ്ദേശിച്ച് ഗവർണർ പ്രതികരിച്ചത്. പാകിസ്ഥാന്റെ ഭാഷയിൽ സംസാരിക്കുന്ന എം എൽ എ എന്നും ജലീലിനെ ഉന്നംവച്ച് അദ്ദേഹം പറഞ്ഞു. ഇ പി ജയരാജന്റെ വിമാനയാത്രാ വിലക്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഭരണഘടനയെ വിമർശിക്കുന്ന മന്ത്രിയുണ്ടായിരുന്നു എന്നാണ് സജി ചെറിയാനെക്കുറിച്ച് ഗവർണർ സൂചിപ്പിച്ചത്.രാവിലെ പന്ത്രണ്ടുമണിയോടെയാണ് രാജ്ഭവനിൽ ഗവർണർ അസാധാരണ വാർത്താസമ്മേളനം ആരംഭിച്ചത്. വിവാദമായ ചരിത്രകോൺഗ്രസ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് തുടങ്ങിയ ഗവർണർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാൻ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ഇടപെട്ട് വിലക്കിയെന്നും ആരോപിച്ചു. ഇപ്പോൾ രാഗേഷിന് ലഭിച്ച ഉന്നത സ്ഥാനം അറസ്റ്റ് തടഞ്ഞതിലുള്ള പ്രത്യുപകാരമാണെന്നും പറഞ്ഞു. തുടർന്ന് കണ്ണൂർ സർവകലാശാലാ വി സി പുനർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുകയും മുഖ്യമന്ത്രി എഴുതിയ മൂന്ന് കത്തുകൾ പുറത്തുവിടുകയും ചെയ്തു.