ബെയ്ജിങ് :ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെടുന്നതിന് മൂന്ന് മാസം മുന്‍പ് യുഎസ് ആരോഗ്യ വിദഗ്ധര്‍ ഈ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട്. കൊറോണ വൈറസ് മൂലം ലോകത്ത് ലക്ഷക്കണക്കിന് പേര് കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടെന്നാണ് ഇവര്‍ പ്രവചിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് പ്രശസ്തമായ ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയില്‍ ഈ പകര്‍ച്ചവ്യാധിയുടെ വ്യാപ്തി തിരിച്ചറിഞ്ഞതെന്നാണ് അവകാശവാദം.
ഈ പഠനപ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 650 ലക്ഷം പേര് കൊല്ലപ്പെടുമെന്നാണ് കണക്ക്. 18 മാസം കൊണ്ട് ഇത്രയും ജീവനുകള്‍ തുടച്ചുനീക്കപ്പെടുമെന്നും ആശങ്കയുണ്ട്. ചൈനയെ പ്രതിസന്ധിയിലാക്കിയ പകര്‍ച്ചവ്യാധിയില്‍ ഇതിനകം 41 പേര് മരിച്ചു. 1200ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വ്യാപ്തി ആയിരക്കണക്കിന് ആകുമെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.
ഡിസംബര്‍ അവസാനത്തോടെ വുഹാനില്‍ കൊറോണാ വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തനിക്ക് ഒട്ടും ഞെട്ടല്‍ തോന്നിയില്ലെന്നാണ് ജോണ്‍സ് ഹോപ്കിന്‍സിലെ സീനിയര്‍ ഗവേഷകന് ഡോ. എറിക് ടോണര്‍ പ്രതികരിച്ചത്. ‘ലോകം കീഴടക്കുന്ന വൈറസ് കൊറോണ തന്നെയാകുമെന്ന് ഞാന്‍ കണക്കുകൂട്ടിയിരുന്നു. എത്രത്തോളം മാരകമാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് കൈമാറുന്ന വൈറസ് എത്ര ശക്തമാണെന്നും അറിവില്ല. സാര്‍സിനേക്കാള്‍ ശക്തി കുറവാണെന്നാണ് പ്രാഥമിക നിഗമനം’, അദ്ദേഹം ബിസിനസ്സ് ഇന്‍സൈഡറിനോട് പറഞ്ഞു.
ശ്വാസകോശവുമായി ബന്ധപ്പെട്ടാണ് കൊറോണ വൈറസ് ശക്തിയാര്‍ജ്ജിക്കുന്നത്. ന്യൂമോണിയ മുതല്‍ സാധാരണ ജലദോഷമായി വരെ ഇത് കാണാം. 2000ത്തില്‍ ചൈനയില്‍ പടര്‍ന്ന സാര്‍സ് ബാധയില്‍ 774 പേരാണ് മരിച്ചത്. ആറ് മാസം കഴിഞ്ഞാല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് എത്തിച്ചേരുമെന്നാണ് ഡോ. എറിക് ടോണറിന്റെ മുന്നറിപ്പായി ഈ റിപ്പോർട്ടിൽ പറയുന്നത്.