അയല്‍വാസിയായ യുവതിയെ ആക്രമിച്ചു, കാര്‍ തകര്‍ത്തു; കാപ്പ ഉത്തരവ് ലംഘിച്ച പ്രതി പിടിയില്‍
തിരുവനന്തപുരം: കാപ്പ ഉത്തരവ് ലംഘിച്ച് അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂർ പാറവിള മുസ്ലീം പള്ളിക്ക് സമീപം പ്ലാവിള വീട്ടിൽ വിഷ്ണു ( 30 )ആണ് തിരുവനന്തപുരം സിറ്റി പൊലീസ് മേധാവിയുടെ കാപ്പ ഉത്തരവ് ലംഘിച്ച് കുറ്റകൃത്യത്തിലേർപ്പെട്ടതിന് പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെ്ന് പൊലീസ് അറിയിച്ചു.
സിറ്റി പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം ആറ് മാസക്കാലയളവിൽ കുറ്റകൃത്യത്തിൽ ഏർപ്പെടാൻ പാടില്ലെന്നുള്ള ഉത്തരവ് നിലനിൽക്കെയാണ് വിഷ്ണു വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്. തന്റെ വീട്ടിനടുത്തെ താമസക്കാരിയായ സ്ത്രീയെ ദേഹോപദ്രവം ഏൽപ്പിച്ച്, കാർ അടിച്ച് തകർത്ത ശേഷം ഒളിവിൽ പോയ പ്രതിയെ കോവളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഷ് കുമാർ. എഎസ്ഐ മുനീർ, സി.പി.ഒ മാരായ ഷൈജു, ജിജി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിക്ക് കോവളം, തിരുവല്ലം പൊലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തൃശ്ശൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തിയിട്ടുണ്ട്. എരുമപ്പെട്ടി ബിഎസ്എൻൽ റോഡ് സ്വദേശി അമീറിനെയാണ് നാട് കടത്തിയത്. എരുമപ്പെട്ടി പൊലീസ് ആണ് അമീറിനെ കാപ്പ ചുമത്തി നാടുകടത്തിയത്. എരുമപ്പെട്ടി,കുന്ദംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ അഞ്ചിലധികം കേസുകളിൽ പ്രതിയാണ് ഇയാൾ. സമീപ കാലത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ആക്രമണം നടത്തിയ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതോടെയാണ് റേഞ്ച് ഡിഐജി ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. കാപ്പ ചുമത്തിയതോടെ അടുത്ത ഒരു വർഷത്തേക്കാണ് തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് വിലക്കുണ്ടാവും.