കൊളവയൽ നിസ് വ വിമെൻസ് അക്കാദമി ഒന്നാം വാർഷികവും പഠനാരംഭവും നടത്തി
കാഞ്ഞങ്ങാട്: കൊളവയൽ നിസ് വ വിമെൻസ് അക്കാദമി അതിന്റെ ഒന്നാം വാർഷികവും ഹയർസെക്കൻഡറി തലത്തിൽ പുതിയ ബാച്ചിൽ അഡ്മിഷൻ നേടിയ വിദ്യാർഥിനികളുടെ പഠനാരംഭവും കോളേജ് കാമ്പസിൽ വെച്ച് നടത്തി. കൊളവയൽ ജുമുഅ മസ്ജിദ് ഖത്വീബ് ഉസ്താദ് ആരിഫ് അഹ്മദ് ഫൈസി പാണത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ഇത്തരമൊരു സ്ഥാപനത്തിൽ അഡ്മിഷൻ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് നാഥൻറെ അപാരമായ അനുഗ്രഹമാണെന്നും അത് പരിപൂർണമായും ഉപയോഗപ്പെടുത്തുന്നതിലാണ് ഉന്നത വിജയം എന്നും അദ്ദേഹം ഉണർത്തി.
കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഉസ്താദ് ഉസ്മാൻ ഫൈസി കരുവൻചാൽ ഹയർ സെക്കൻഡറി ആദ്യ വർഷ വിദ്യാർത്ഥിനികൾക്ക് ഹദീസ് ഓതിക്കൊടുത്തു കൊണ്ട് പഠനാരംഭം കുറിച്ചു. തുടർന്ന് ഹൃസ്വമായ വാക്കുകളിലൂടെ അനുഗ്രഹ ഭാഷണം നിർവഹിച്ചു.
അക്കാദമി ചെയർമാൻ സി സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് ബി മുഹമ്മദ് കുഞ്ഞി ഹാജി ഫാളില കോഴ്സ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടി നാടിനു അഭിമാനമായ ഫാത്തിമ ഹിദയ്ക്ക് അക്കാദമിയുടെ ഉപഹാരവും കാശ് അവാർഡും വിതരണം ചെയ്തു. മഹ്ദിയ്യ കോഴ്സിൽ കഴിഞ്ഞ വർഷം പരീക്ഷയിൽ ഉന്നതവിജയം നേടിയ തമീമ തസ്നീം, സുമയ്യ എന്നീ വിദ്യാർത്ഥിനികൾക്ക് സുറൂർ മൊയ്തു ഹാജി സമ്മാനം വിതരണം ചെയ്തു.
അക്കാദമി പ്രിൻസിപ്പാൾ ആയിഷ ഫർസാന ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി. വിവിധ പരിപാടികളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾക്ക് ചടങ്ങിൽ സമ്മാന വിതരണം നടത്തി. ഇട്ടമ്മൽ ബിലാൽ മസ്ജിദ് ഇമാം ഫാറൂഖ് വാഫി പ്രാർത്ഥന നിർവ്വഹിച്ചു. അഡ്മിനിസ്ട്രേറ്റർ മുഷ്താഖ് അഹ്മദ് ഹുദവി സ്വാഗതവും നദീം സി ബി നന്ദിയും പറഞ്ഞു.
അബൂബക്കർ, ഹംസ, ഇബ്രാഹിം ചെറുവത്തൂർ, ശരീഫ് ടി, റഷീദ് കെ, സിദ്ദിഖ് ഹുദവി, മൂസ, അസ്മ ടീച്ചർ, ഷാഹിദ ടീച്ചർ ഷുജൈറ ടീച്ചർ, രക്ഷിതാക്കൾ, വിദ്യാർത്ഥിനികൾ സംബന്ധിച്ചു.