മദ്രസകളും മുസ്ലിം സർവകലാശാലയും വെടിമരുന്ന് ഉപയോഗിച്ച് തകർക്കണം, ആഹ്വാനത്തിന് പിന്നാലെ യതി സരസ്വതി അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാലയും രാജ്യത്തെ മദ്രസകളും വെടിമരുന്ന് ഉപയോഗിച്ച് തകർക്കണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദു പുരോഹിതൻ യതി നരസിംഗാനന്ദ് സരസ്വതി അറസ്റ്റിൽ. ഇന്നലെ അലിഗഡിൽ നടന്ന ഹിന്ദു മഹാസഭയുടെ പരിപാടിയിൽ സംസാരിക്കവേയാണ് യതി സരസ്വതി കലാപാഹ്വാനം നടത്തിയത്.
അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്തുന്നതിനായി ഉത്തർപ്രദേശ് സർക്കാർ നടത്തുന്ന സർവേയെക്കുറിച്ച് സംസാരിക്കവേ രാജ്യത്ത് മദ്രസകൾ പോലുള്ള സ്ഥാപനങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് യതി സരസ്വതി പറഞ്ഞിരുന്നു. ചൈന ചെയ്യുന്നതുപോലെ എല്ലാ മദ്രസകളും വെടിമരുന്ന് ഉപയോഗിച്ച് തകർക്കണം. ഖുറാൻ എന്ന വൈറസ് തലച്ചോറിൽ നിന്ന് മാറ്റുന്നതിനായി മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ക്യാംപുകളിലേയ്ക്ക് അയക്കണം. മാത്രമല്ല അലിഗഡ് മുസ്ലിം സർവകലാശാല തകർത്ത് വിദ്യാർത്ഥികളെ തടങ്കൽ കേന്ദ്രങ്ങളിലേയ്ക്ക് അയച്ച് അവർക്ക് ചികിത്സ നൽകണമെന്നും യതി സരസ്വതി പ്രസംഗത്തിൽ വ്യക്തമാക്കി. ഇതാദ്യമായല്ല വിദ്വേഷപരാമർശങ്ങൾക്ക് യതി സരസ്വതി അറസ്റ്റിലാവുന്നത്. കഴിഞ്ഞ വർഷം ഹരിദ്വാറിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലും പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അടുത്തിടെ മഹാത്മാ ഗാന്ധിയ്തക്കെതിരായി യതി സരസ്വതി നടത്തിയ പരാമശങ്ങൾ ഏറെ വൈറലായിരുന്നു. ഒരു കോടിയോളം ഹിന്ദുക്കളുടെ മരണത്തിന് മഹാത്മാ ഗാന്ധി ഉത്തരവാദിയാണെന്നായിരുന്നു യതി സരസ്വതിയുടെ വാദം.