ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ മിലിയയിലുണ്ടായ സംഘർഷത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോൺഗ്രസ് മുൻ എംഎൽഎ കൂടിയായ ആസിഫ് മുഹമ്മദ് ഖാനൊപ്പം മറ്റു രണ്ടുപ്രാദേശിക നേതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്.
തനിക്കെതിരെ പൊലീസിന്റെ കൈയിൽ തെളിവില്ലെന്ന് ആസിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ബസ് കത്തിച്ച സംഭവം നടക്കുമ്പോൾ ഷഹീൻബാഗിലെ സമരരംഗത്തായിരുന്നു താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിസംബർ 15ന് നടന്ന സംഘർഷത്തിൽ ബസുകൾക്ക് തീയിട്ടിരുന്നു. തുടർന്ന് പൊലീസ് ജാമിയ ക്യാമ്പസിൽ കയറി നടത്തിയ ലാത്തിച്ചാർജ്ജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇത് വലിയ രാഷ്ട്രീയ വിവാദമായി.
അതേസമയം ഡൽഹി ഓഖ്ല മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നൽകിയ നാമനിർദ്ദേശപത്രിക ആസിഫ് മുഹമ്മദ് ഖാൻ പിൻവലിച്ചു. കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദത്തെതുടർന്നാണ് തീരുമാനം. ഓഖ്ലയിൽ നിന്നുള്ള മുൻ എം.എൽ.എയായ ആസിഫ് മുഹമ്മദ് ഖാന് ഇക്കുറി കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നില്ല. പകരം മുൻ മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന പർവേസ് ഹാഷ്മിയെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. 2009 മുതൽ 2015 വരെ ഓഖ്ല മണ്ഡലത്തെ ആസിഫ് മുഹമ്മദ് ഖാൻ പ്രതിനിധീകരിച്ചിട്ടുണ്ട്. 2015ൽ പരാജയപ്പെട്ടു.