തമിഴ്നാട്ടിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കൊല്ലത്തെ വീട്ടിൽ
കൊല്ലം: തമിഴ്നാട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവിനെ കൊല്ലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പൂതക്കുളം സ്വദേശി രാകേഷിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ തട്ടിക്കൊണ്ടുവന്ന കുട്ടിയെ തമിഴ്നാട് പൊലീസെത്തി തിരികെ കൊണ്ടുപോയി.തമിഴ്നാട്ടിലും കേരളത്തിലും കെട്ടിടനിർമ്മാണ ജോലികൾ കരാറെടുത്ത് നടത്തുന്നയാളാണ് രാകേഷ്. തമിഴ്നാട്ടിലെ തിരുപ്പൂരിലും ഇയാൾ ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളുടെ പേരിലാണ് തിരുപ്പൂരിൽ നിന്നും 14കാരനെ ഇയാൾ തട്ടിക്കൊണ്ടുവന്നതെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ടാണ് രാകേഷ് കുട്ടിയുമായി കൊല്ലത്തെത്തിയത്. തുടർന്ന് വീടിന് പുറകിലെ ഷെഡ്ഡിൽ കുട്ടിയെ കെട്ടിയിടുകയായിരുന്നു. അതിനിടെ, തിരുപ്പൂർ പൊലീസ് രാകേഷിനായി അന്വേഷണം ആരംഭിക്കുകയും വിവരം കൊല്ലം പരവൂർ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് കഴിഞ്ഞദിവസം രാത്രി പരവൂർ പൊലീസ് രാകേഷിന്റെ വീട്ടിലെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഇന്ന് പുലർച്ചെ രാകേഷിന്റെ വീടിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ബസ് സ്റ്റോപ്പിൽ കുട്ടി ഇരിക്കുന്നത് കണ്ട നാട്ടുകാർ വിവരം തിരക്കിയതോടെയാണ് തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന് 14-കാരന് വെളിപ്പെടുത്തിയത്.
തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി രാകേഷിന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിനിടെ, തിരുപ്പൂരിൽ നിന്നെത്തിയ പൊലീസുകാർ കൊല്ലത്തുനിന്ന് കുട്ടിയെ തിരികെകൊണ്ടുപോയി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പരവൂർ പൊലീസ് അറിയിച്ചു.