പരിശോധന നടത്തിയ 148 റോഡുകളിൽ 67ലും കുഴികൾ, പലതിലും വേണ്ടത്ര ടാറില്ല; വിജിലൻസ് കണ്ടെത്തൽ
തിരുവനന്തപുരം: റോഡ് ടാറിംഗിലെ കുഴപ്പങ്ങൾ കണ്ടെത്താൻ ഓപ്പറേഷൻ സരൾ രാസ്തയുടെ ഭാഗമായി വിജിലൻസ് പരിശോധന നടത്തിയതിൽ പകുതിയോളം റോഡിലും കുഴികൾ കണ്ടെത്തി. ആറ് മാസത്തിനിടെ ടാറിംഗ് നടന്ന റോഡുകളിലായിരുന്നു പരിശോധന. പരിശോധന നടത്തിയ 148 റോഡുകളിൽ 67ലും കുഴികൾ കണ്ടെത്തി. 19 റോഡുകളിൽ വേണ്ടത്ര ടാർ ഉപയോഗിച്ചിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. റോഡ് റോളർ ഉപയോഗിക്കാതെ ടാറിംഗ് ചെയ്തതായും കണ്ടെത്തി.അതേസമയം, റോഡുകൾ തകരാൻ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കാലാവസ്ഥ മനസിലാക്കി എങ്ങനെ റോഡ് നിർമ്മാണം നടത്താം എന്നാണ് ചിന്തിക്കുന്നത്. കാലാവസ്ഥാവ്യതിയാനം പ്രധാന പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ കുഴികളിൽ വീണ് പരിക്കേൽക്കുന്നവർക്കും മരിക്കുന്നവരുടെ കുടുംബത്തിനും സർക്കാർ സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.