ഗവര്‍ണര്‍ പദവിയേ ആവശ്യമില്ലാത്തത്, ഗവര്‍ണര്‍ക്ക് ഹിഡന്‍ അജണ്ടയെന്ന് സംശയം: ഇ.പി ജയരാജന്
പയ്യന്നൂര്‍: ഗവര്‍ണര്‍ -മുഖ്യമന്ത്രി പോര് ഏറ്റുപിടിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് പദവി തന്നെ എടുത്തുകളയേണ്ടതാണെന്ന് ഇ.പി ജയരാജന് പയ്യന്നൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗവര്‍ണര്‍ പദവി ഒരു ആവശ്യവുമില്ലാത്തതാണ്. ഒരു ഉത്തരവാദിത്തവും ഒരു പ്രത്യേകതയുമില്ലാത്ത സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്തു പറയുകയാണ്. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ പദവിയെ കുറിച്ച് അദ്ദേഹം ആദ്യം മനസ്സിലാക്കണം. ഗവര്‍ണര്‍ പദവിക്ക് ഒരു പൊതു സങ്കല്പമുണ്ട്. അത് പാലിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം. ആര്‍ക്കോ വേണ്ടി ഗവര്‍ണര്‍ കേരള സമൂഹത്തെ മലീമസമാകുകയാണ്. ജനാധിപത്യ മൂല്യങ്ങള്‍ പാലിക്കണം. സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ അദ്ദേഹം ഉപേക്ഷിക്കാന്‍ തയ്യാറാകണം.
കണ്ണൂര്‍ യൂണിവേഴ്സിറ്റി ശാസ്ത്ര കോണ്‍ഗ്രസില്‍ എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് അദ്ദേഹം ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ആരോപണം ഉന്നയിക്കുന്ന അദ്ദേഹമോ അദ്ദേഹത്തിന്റെ സ്റ്റാഫോ എവിടെയെങ്കിലും പരാതി കൊടുത്തിട്ടുണ്ടോ?
നിയമസഭ പാസാക്കുന്ന ബില്‍ അംഗീകരിച്ചുകൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടയാളാണ് ഗവര്‍ണര്‍. അത് ഒപ്പിടില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്കാകുമോ?
അദ്ദേഹത്തിന് എന്തെങ്കിലും ഹിഡന്‍ അജണ്ടയുണ്ടോ എന്ന് സംശയമുണ്ട്. കര്ട്ടന് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരല്ല മന്ത്രിമാരും സിപിഎമ്മും. ഉള്ളകാര്യം മുഖത്തുനോക്കി ഉള്ളത്പോലെ പറയുന്നയാളാണ് മുഖ്യമന്ത്രി.
നിയമസഭാ കയ്യാങ്കളിയില്‍ വി.ശിവന്‍കുട്ടിയെ യു.ഡി.എഫ് അംഗങ്ങള്‍ അടിച്ചുബോധം കെടുത്തിയതാണെന്ന പരാമര്‍ശം ഇ.പി ജയരാജന് ആവര്‍ത്തിച്ചു. താന്‍ കണ്ടതാണ് പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് ശിവന്‍കുട്ടി കണ്ടിട്ടില്ല. അദ്ദേഹം ബോധംകെട്ട് കിടക്കുകയായിരുന്നു. താന്‍ ദൃക്സാക്ഷിയാണെന്നും ഇ.പി ജയരാജന് പറഞ്ഞൂ.