ശുചിത്വ സാഗരം സുന്ദര തീരം ജനകീയ ശുചീകരണ യജ്ഞവുമായി അജാനൂര്‍ പഞ്ചായത്ത്
കാസർകോട് :ശുചിത്വസാഗരം സുന്ദരതീരം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് തല ജനകീയ ശുചീകരണ യജ്ഞം ഫിഷ് ലാന്‍ഡിങ് പരിസരത്ത് ഇ.ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അധ്യക്ഷത വഹിച്ചു. കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്ന തീവ്രയജ്ഞ പരിപാടിയാണ് ശുചിത്വ സാഗരം സുന്ദര തീരം. കടലോര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നാല് പ്രദേശിക സംഘാടക സമിതികളുടെ നേതൃത്വത്തില്‍ 5.5 കീലോമീറ്റര്‍ കടല്‍ തീരം ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചെരുപ്പുകള്‍, ബാഗുകള്‍, കുപ്പികള്‍ തുടങ്ങിയവ പ്രത്യേകം തരംതിരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കൃഷ്ണന് മാസ്റ്റര്‍, കെ.മീന, ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി തമ്പാന്, എ.ദാമോദരന്‍, എം.ജി.പുഷ്പ, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസി.എന്‍ജിനീയര്‍ പി.ആര്.രാജേഷ് എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, തീരദേശ പോലീസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, അമ്പല കമ്മിറ്റി ഭാരവാഹികള്‍, വിവിധ ക്ലബ്ബ് പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.