സ്കൂടറിൽ മയക്കുമരുന്ന് കടത്ത്; 48 കാരൻ റിമാൻഡിൽ
കാസർകോട്:സ്കൂടറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ഒരാൾ പിടിയിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കരീം (48) ആണ് അറസ്റ്റിലായത്. സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കാസർകോട് എക്സൈസ് റേൻജ് ഇൻസ്പെക്ടർ ആർ റിനോഷിൻറെ നേതൃത്വത്തിലുള്ള സംഘവും കാസർകോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസർ ബിജോയും ചേർന്ന് തളങ്കര കൊറക്കോട് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കെഎൽ 14 എക്സ് 1594 നമ്പർ സ്കൂടറിൽ കടത്തിയ 1.550 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടിയത്.
കരീമിനെതിരെ നാർകോടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എ കൃഷണ, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥ ആൽവ കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സരിത ടി പി, ജെസ്മി ജോസഫ് എന്നിവർ പങ്കെടുത്തു.