ഒക്ടോബര്‍ രണ്ട് വരെ നടക്കുന്ന സ്വച്ഛതാ ഹി ക്യാമ്പയിന്; ജില്ലാതല മാലിന്യ പരിപാലന ഏകോപന സമിതി യോഗം ചേര്‍ന്നു
കാസർകോട് :കേന്ദ്ര കുടിവെള്ളവും ശുചിത്വവും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഒക്ടോബര്‍ രണ്ട് വരെ നടത്തുന്ന സ്വച്ഛതാ ഹി ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാതല മാലിന്യ പരിപാലന ഏകോപന സമിതി യോഗം ചേര്‍ന്നു. കാസര്‍കോട് നവകേരളത്തിന്റെ ഹരിതകവാടം എന്ന ടാഗ് ലൈനില്‍ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കാനുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിനെതിരെയും വലിച്ചെറിയുന്നതിനെതിരെയും അയല്‍ക്കൂട്ടങ്ങളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും റസിഡന്‍സ് അസോസിയേഷനുകളിലുമെല്ലാം പ്രതിജ്ഞയെടുക്കും.
ക്ലീന്‍കേരള കമ്പനി നേതൃത്വം നല്കുന്ന ഹരിതകര്‍മ്മ സേനയുടെ മാലിന്യ ശേഖരണ കലണ്ടര്‍ വിപുലമായി പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ രണ്ടിനകം മാലിന്യങ്ങളുടെ തരംതിരിവ് സംബന്ധിച്ച പ്രായോഗിക രീതി പരിചയപ്പെടുത്തുന്ന ക്ലാസുകള്‍ അയല്‍ക്കൂട്ടം തലത്തില്‍ നല്‍കും. സ്കൂളുകളില്‍ ഹരിതകര്‍മ്മസേന അംഗങ്ങളും അധ്യാപകരും റിസോഴ്സ് പേഴ്സണ്‍മാരും വി.ഇ.ഒമാരും നേതൃത്വം നല്കുന്ന ടീച്ചറും കുട്ട്യോളും ക്യാമ്പയിന് നടത്തും.
പാഴ് വസ്തു തരംതിരിവ്, യൂസര്‍ഫീ ശേഖരണം എന്നിവ കാര്യക്ഷമമല്ലാത്ത ഇടങ്ങളിലും വാതില്‍പ്പടി ശേഖരണത്തിനായി എത്തുന്ന ഹരിതകര്മ്മസേനയോട് അനുഭാവ സമീപനം പുലര്‍ത്താത്ത ഇടങ്ങളിലും വാര്‍ഡ് അംഗങ്ങളുടെയും എന്‍.സി.സി, എന്‍.എസ്.എസ്, സ്കൗട്ട് ആന്റ് ഗൈഡ്, എസ്.പി.സി വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി ബോധവത്ക്കരണം നല്‍കും. ജലാശയങ്ങള്‍ക്ക് സമീപത്തെ സ്ഥലങ്ങള്‍ വൃത്തിയാക്കി ചെടികള്‍ വെച്ചുപിടിപ്പിക്കും. ഒക്ടോബര്‍ രണ്ടിന് വലിച്ചെറിയല്‍ മുക്ത ജില്ല, അവബോധം വളര്‍ത്താന്‍ ഗ്രാമസഭാ യോഗങ്ങള്‍ സംഘടിപ്പിക്കും.
യോഗത്തില്‍ നവകേരളം കര്‍മ്മപദ്ധതി ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്, ജില്ലാ ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ എ. ലക്ഷ്മി, എ.ഡി.സി ജനറല്‍ ഫിലിപ്പ് ജോസ്, ഡി.ഡി.ഇ കെ.വി.പുഷ്പ, എം.ടി.പി.റിയാസ്, കെ.ജയചന്ദ്രന്, കെ.നിധിഷ, ഇ.വി.നാരായണന്, ബി.മിഥുന്, എ.അസീസ്, ബിജു, ഡോ.അനു എലിസബത്ത് അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.