അനാവശ്യ ഹോണിന് ഇനി കീശ കീറും, കര്‍ശന നടപടിയുമായി കേരളാ പൊലീസ്!
എത്ര തിരക്കുള്ള റോഡിലും ചെറിയ വാഹനങ്ങളുടെ പിന്നിലെത്തി ഹോണടിച്ച് പേടിപ്പിക്കുക എന്നത് പല ഡ്രൈവര്‍മാരുടെയും വിനോദമാണ്. ട്രാഫിക്ക് സിഗ്നലുകളില്‍ പോലും ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാരും നമ്മുടെ നാട്ടില്‍ ഉണ്ട്. ആര്‍ക്കൊക്കെ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും സ്വന്തം വഴി മാത്രം ക്ലിയര്‍ ആക്കണമെന്ന ചിന്താഗതിയില്‍ നിന്നാണ് പല ഡ്രൈവര്‍മാരും മറ്റുള്ളവരെ പേടിപ്പിക്കുന്നത് പോലെ ഹോണ്‍ മുഴക്കുന്നത്.
ഇപ്പോഴിതാ ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ്. അനാവശ്യമായി ഹോണ്‍ മുഴക്കുന്നതിനെതിരേ ബോധവത്കരണങ്ങളും ക്യാമ്പയിനുകളും നടത്തി ഫലം കാണാതെ വന്നതോടെയാണ് പൊലീസ് കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് കേരളാ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 194 എഫ് പ്രകാരം അനാവശ്യമായും തുടര്‍ച്ചയായും ആവശ്യത്തിലധികമായി ഹോണ്‍ മുഴക്കുന്നത് കുറ്റകരമാണ്. ഇതിനുപുറമെ, നോ ഹോണ്‍ ബോര്‍ഡ് ഉള്ള സ്ഥലങ്ങളില്‍ ഹോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഈ നിയമലംഘനത്തിന് 1000 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ഇത് 2000 രൂപയാകും.