സ്കൂൾ വിട്ട മകൾ വീട്ടിലെത്തിയത് രാത്രി ഒൻപത് മണിക്ക്, ഓണാഘോഷ സമാപന ദിനം പ്രാദേശിക അവധി നൽകാത്ത കളക്ടർക്കെതിരെ രക്ഷിതാക്കൾ
കാക്കനാട് : സ്കൂളുകൾക്ക് അവധി നൽകാത്തതിൽ കൊച്ചി കളക്ടർക്കെതിരെ രക്ഷിതാക്കൾ. തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ സമാപന ദിനത്തിൽ പ്രാദേശിക അവധി നൽകാത്തിനെ തുടർന്ന് വിദ്യാർത്ഥികൾ ബസ് കിട്ടാതെ വലഞ്ഞതാണ് രക്ഷിതാക്കളെ പ്രകോപിപ്പിച്ചത്. നിരവധി രക്ഷിതാക്കളാണ് പരാതിയുമായി കാക്കനാട് നഗരസഭയിൽ എത്തിയത്. എന്നാൽ ഓണാഘോഷ സമാപന ദിനത്തിൽ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് കളക്ടറോട് നേരത്തേ ആവശ്യപ്പെട്ടു എന്നാണ് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞത്. നേരിൽ കണ്ടും കളക്ടർ രേണുരാജിനോട് അവധി നൽകണമെന്ന് പറഞ്ഞിരുന്നുവെന്നും ചെയർപേഴ്സൺ പറയുന്നു. ബസ് ലഭിക്കാതെ സ്കൂൾ വിട്ട മകൾ വീട്ടിലെത്തിയപ്പോൾ രാത്രി ഒൻപതുമണിയായെന്നും, ബസ് സ്റ്റോപ്പിൽ മണിക്കൂറുകൾ കുട്ടികൾക്ക് നിൽക്കേണ്ടി വന്നു എന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു.എല്ലാ വർഷവും തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ സമാപന ദിനത്തിൽ പ്രാദേശിക അവധി നൽകാറുണ്ട്. ഘോഷയാത്ര കാണാൻ ജനം റോഡിന് ഇരുവശവും തിങ്ങിക്കൂടുന്നതോടെ വാഹന ഗതാഗതം നിലയ്ക്കും. ഇതോടെ സ്വകാര്യ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതം നിർത്തിവെക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ അവധി നൽകാമെന്ന് പറഞ്ഞ ശേഷം കളക്ടർ അവധി പ്രഖ്യാപിച്ചില്ലെന്നാണ് വിമർശനം ഉയരുന്നത്. ഇതിന് മുൻപും മഴ മുന്നറിയിപ്പ് ദിവസം അവധി നേരത്തേ പ്രഖ്യാപിക്കാത്ത കളക്ടറുടെ പ്രവർത്തി വിമർശന വിധേയമായിരുന്നു. അന്ന് രാവിലെ കുട്ടികൾ വീട്ടിൽ നിന്നും പുറപ്പെട്ട ശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.