ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവച്ച് കൊല്ലും; കുട്ടികൾക്കൊപ്പം തോക്കുമായി പിതാവ്,
കാസർകോട് : തെരുവ് നായ്ക്കളിൽ നിന്ന് മദ്രസ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിന് തോക്കുമായി ഒപ്പം നടക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറലാകുന്നു. കാസർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ സമീറാണ് തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി പോയത്. 13ഓളം വിദ്യാർത്ഥികൾക്ക് മുന്നിലായി സമീർ നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവച്ച് കൊല്ലുമെന്ന് ഇയാൾ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. സമീറിന്റെ മകനാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ എയർഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവച്ചിട്ടില്ലെന്നുമാണ് സമീർ പറയുന്നത്.അതേസമയം, ശല്യം രൂക്ഷമാണെങ്കിലും തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തിൽ നിയമം കയ്യിലെടുക്കരുതെന്നാണ് ഡിജിപിയുടെ നിർദേശം. വളർത്തുനായ്ക്കളെ വഴിയിൽ ഉപേക്ഷിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുന്നതിനായി ഡിജിപി സർക്കുലറും ഇറക്കി