കൊല്ലത്ത് പിരിവ് നൽകാത്തതിന് വ്യാപാര സ്ഥാപനം ആക്രമിച്ച കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു
കൊല്ലം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്ത കാരണത്താൽ വ്യാപാര സ്ഥാപനം ആക്രമിച്ച മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കൊല്ലം കുന്നിക്കോട് അനസിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയാണ് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് അനീഷ് ഖാൻ എന്നിവരെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പിരിവിന് ആവശ്യപ്പെട്ട തുക നൽകാത്തതാണ് പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചത്. രണ്ടായിരം രൂപ പിരിവായി ആവശ്യപ്പെട്ടുവെങ്കിലും 500 രൂപ നൽകാമെന്ന് കടയുടമ പറഞ്ഞതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇതേ തുടർന്ന് പച്ചക്കറി കടയിൽ നിന്നും ഇവർ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. അക്രമസംഭവത്തെ അപലപിച്ച് കെ പി സി സി അദ്ധ്യക്ഷൻ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. അക്രമത്തിൽ കടയുടമ കുന്നിക്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.എന്നാൽ തങ്ങൾ സാധനങ്ങൾ നശിപ്പിച്ചിട്ടില്ലെന്നും, രാഹുലിന്റെ യാത്രയെ ആക്ഷേപിക്കുവാൻ സി പി എം നേതാക്കൾ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും വിളക്കുടി വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് പറയുന്നു. കൊല്ലം ജില്ലയിൽ രാഹുൽ ഗാന്ധിയുടെ പര്യടനം ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്.