കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചതിന് പിന്നാലെ ആലുവ-പെരുമ്പാവൂർ റോഡിന്റെ പണി ആരംഭിച്ചു; ഒപ്പം നിന്ന് നിരീക്ഷിച്ച് നാട്ടുകാർ
കൊച്ചി: കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചതിന് പിന്നാലെ ആലുവ-പെരുമ്പാവൂർ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. ശരിയായ രീതിയിൽ പണി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി തൊഴിലാളികൾക്കൊപ്പം നാട്ടുകാരും നിൽക്കുകയാണ്. കുഴിയിൽ വീണ് ഒരാൾ മരിച്ചിട്ടും നടപടി എടുക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകാത്തതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കാൻ നാട്ടുകാർ തീരുമാനിച്ചിരുന്നു. അപകടത്തിന് കാരണമായ പതിയാട്ട് കവലയിലെ കുഴിക്ക് സമീപം നാട്ടുകാർ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് റോഡ് പണി ആരംഭിച്ചത്.കഴിഞ്ഞ ഓഗസ്റ്റ് 20ന് കുഴിയിൽ വീണ് പരിക്കേറ്റ മാറമ്പള്ളി സ്വദേശി കുഞ്ഞഹമ്മദ് മൂന്നാഴ്ചയോളമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ഇദ്ദേഹം മരിച്ചത്. കുഞ്ഞഹമ്മദ് അപകടത്തിൽപ്പെട്ടതിന് ശേഷം എട്ട് പേർക്ക് ഇതേ കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. എന്നിട്ടും അധികാരികൾ കുഴിയടക്കാൻ തയാറാകാത്തതിനെതിരെ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചിരുന്നു. റോഡിലെ കുഴികളിൽ വീണ് മരണപ്പെടുന്നതിന് പിന്നാലെ കുഴികളടയ്ക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.