സെൽഫിയെടുത്ത് സ്റ്റാറ്റസാക്കിയതിന് പിന്നാലെ യുവതി ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി മരിച്ചു
അമ്പലവയൽ:യുവതി അമ്പലവയൽ വികാസ് കോളനിക്കടുത്ത് കരിങ്കൽക്വാറിയിലെ വെള്ളക്കെട്ടിൽ ചാടിമരിച്ചു. ചീങ്ങേരി കോളനി പാതിവയൽ രാജന്റെ മകൾ പ്രവീണ (20) ആണ് മരിച്ചത്. അമ്പലവയൽ ചീനിക്കാമൂലയിൽ താമസിക്കുന്ന യുവതി വികാസ് കോളനിയിലെ ക്വാറിക്ക് സമീപമെത്തി സെൽഫിയെടുത്ത് മൊബൈലിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതുകണ്ട് സഹോദരൻ പ്രവീൺ തിരക്കി ക്വാറിക്കടുത്ത് എത്തിയപ്പോൾ വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു. രക്ഷിക്കാനായി സഹോദരനും ചാടിയെങ്കിലും നീന്തൽ വശമില്ലാതിരുന്നതിനാൽ രക്ഷിക്കാനായില്ല.നാട്ടുകാർ എറിഞ്ഞുകൊടുത്ത കയറിൽപിടിച്ചാണ് പ്രവീൺ രക്ഷപ്പെട്ടത്. സുൽത്താൻ ബത്തേരിയിലെ നഴ്സിംഗ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയശേഷം അവിടത്തെ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി . അമ്മ : റാണി, പ്രവിത സഹോദരി.