തിരുവനന്തപുരത്തെ ഔട്ട്ലെറ്റിലെ വിദേശ മദ്യവും ബിയറും നശിപ്പിക്കാനൊരുങ്ങി എക്സൈസ്
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ വിദേശമദ്യവും ബിയറും എക്സൈസിന്റെ നേതൃത്വത്തിൽ നശിപ്പിക്കുന്നു. മുക്കോലയിലുള്ള ബിവറേജ് ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന പഴകിയ മദ്യമാണ് നശിപ്പിക്കുന്നത്. കാലാവധി കഴിഞ്ഞ മദ്യം ഉപയോഗിക്കാനാകില്ലെന്ന് കാട്ടി ബിവറേജ് ഔട്ട് ലെറ്റ് അധികൃതർ എക്സൈസ് കമ്മീഷണർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.മദ്യകുപ്പികൾ അടുത്തദിവസങ്ങളിലായി തിരുവല്ലയിലെ ഡിസ്റ്റിലറിയിൽ എത്തിച്ച് എക്സൈസ് ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിലാണ് നശിപ്പിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മുക്കോലയിലെ ബിവറേജ് ഔട്ട്ലെറ്റിൽ എത്തി കാലാവധി കഴിഞ്ഞ ഇരുപതിനായിരത്തിലേറെ വിദേശ മദ്യകുപ്പികളും ബിയർ കുപ്പികളും കണ്ടെത്തിയിരുന്നു.രണ്ട് വിഭാഗങ്ങളിലായാണ് മദ്യകുപ്പികൾ നശിപ്പിക്കുന്നത്. നിർമാണത്തിനുശേഷം ബിയറുകൾക്ക് ആറുമാസംവരെയാണ് കാലാവധി. രണ്ടുവർഷംവരെ മാത്രമേ വിദേശ മദ്യം ഉപയോഗിക്കാനാവുകയുള്ളൂ. സമയപരിധി കഴിഞ്ഞവ വിൽക്കാൻ പാടില്ലെന്നാണ് നിയമം. ഇത്തരത്തിൽ കാലാവധി കഴിഞ്ഞവ ഡിസ്റ്റിലറികളിൽ എത്തിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്.