നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്സ് സ്കൂളിന് പുതിയ കെട്ടിടം,
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി
നീലേശ്വരം:നീലേശ്വരം പ്രത്യാശ ബഡ്സ് സ്കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നീലേശ്വരം ചിറപ്പുറത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശ ബഡ്സ് സ്കൂളിന് തൊട്ടടുത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നീലേശ്വരം നഗരസഭ അനുവദിച്ച 35 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. ഇതിനായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 2.27 കോടി രൂപ അനുവദിച്ചിരുന്നു. എം.രാജഗോപാലന്‍ എം.എല്‍.എ യുടെ നിരന്തമായുള്ള പരിശ്രമവും തുക അനുവദിച്ചുകിട്ടുന്നതിന് വേഗം കൂട്ടി. എല്ലാ അധുനിക സൗകര്യങ്ങളോടും കൂടിയ കെട്ടിടം പ്രത്യാശ ബഡ്സ് സ്കൂളിനായി ഒരുങ്ങുമ്പോള്‍ വര്‍ഷങ്ങളായുള്ള ഒരു നാടിന്റെ പരാതികള്‍ക്കാണ് വിരാമമിടുന്നത്.
കുട്ടികളുടെ പഠനമുറികള്‍, ഓഡിബിള്‍ ആന്റ് സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, മീറ്റിംഗ് ഹാള്‍, കൗണ്‍സിലിംഗ് സെന്റര്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, റിക്രിയേഷന്‍ ഏരിയ, കിച്ചണ്‍, ഡൈനിംഗ് ഹാള്‍ എന്നീ സൗകര്യങ്ങളോടു കൂടി രണ്ട് നില കെട്ടിടമാണ് സ്കൂളിനായി നിര്‍മ്മിക്കുന്നത്.
2010 ലാണ് നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്സ് സ്കൂള്‍ ആരംഭിച്ചത്. കെയര്‍ ഗ്രൂപ്പുകള്‍ തുടങ്ങി വോക്കേഷണല്‍ ക്ലാസുകള്‍ വരെ ഇവിടെയുണ്ട്.
നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ ഗ്രാപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നായി 48 കുട്ടികള്‍ ഇപ്പോള്‍ പഠനം നടത്തുന്നു.
18 വയസ്സിന് മുകളില്‍ പ്രായമുള്ള പഠിതാക്കള്‍ക്കു വേണ്ടി ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററും അമ്മമാര്‍ക്ക് സ്വയംതൊഴില്‍ പഠന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. 12 അമ്മമാര്‍ ഇവിടെ സ്വയം തൊഴില്‍ പഠിക്കുന്നുണ്ട്. കുട നിര്‍മ്മാണം, തുണിസഞ്ചി നിര്‍മ്മാണം എന്നിവ കൂടാതെ കോവിഡ് കാലങ്ങളില്‍ മാസ്ക് നിര്‍മാണവും ഇവര്‍ നടത്തിയിരുന്നു. രണ്ട് അധ്യാപകരും രണ്ട് ആയമാരും ഒരു പാചക തൊഴിലാളിയും ഒരു ഡ്രൈവറും നിലവില്‍ ഈ സ്കൂളില്‍ ജോലി ചെയ്യുന്നു.
നീലേശ്വരം നഗരസഭയുടെ പ്രത്യാശ ബഡ്സ് സ്കൂളിന് പുതിയ കെട്ടിടം കെട്ടിടമെരുക്കുക എന്ന സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് നീലേശ്വരം നഗരസഭാ വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി പറഞ്ഞു.