സ്ത്രീകൾക്ക് നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ ‘ബാക്ക് ടു വർക്ക് ’
സ്വതന്ത്ര സോഫ്റ്റ്വേർ-ഹാർഡ്വേർ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, കേരള സർക്കാരിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വേർ കേന്ദ്രം സ്ത്രീകൾക്കായി പരിശീലനം സംഘടിപ്പിക്കുന്നു. വിവിധ കാരണങ്ങളാൽ ജോലിയിൽനിന്ന് വിട്ടുനിന്നവർക്ക് വിവരസാങ്കേതികമേഖലയിൽ വീണ്ടും ജോലിചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ‘സോഫ്റ്റ്വേർ ടെസ്റ്റിങ്ങിലാണ്’ 15 ദിവസം നീണ്ടുനിൽക്കുന്ന ‘ബാക്ക് ടു വർക്ക്’ സഹവാസപരിപാടി.
വിവാഹം, മാതൃത്വം, കുടുംബപരിമിതികൾ, കുടുംബത്തിന്റെ ഉത്തരവാദിത്വം, വ്യക്തിതാത്പര്യങ്ങൾ മുതലായവ കാരണം തൊഴിൽജീവിതം നഷ്ടപ്പെട്ട സ്ത്രീകളെയാണ് പരിപാടി ലക്ഷ്യംവെക്കുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽ ഒക്ടോബർ ആറിന് പരിശീലനം ആരംഭിക്കും. പ്രായപരിധിയില്ലാതെ പങ്കെടുക്കാം. ബിരുദം, സോഫ്റ്റ്വേർ ടെസ്റ്റിങ്/ഡെവലപ്മെന്റ്/കോഡിങ് മേഖലയിലുള്ള പരിജ്ഞാനം അഭികാമ്യം. icfoss.in/events വഴി ആദ്യം രജിസ്റ്റർചെയ്യുന്ന 30 പേർക്ക് പങ്കെടുക്കാം. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ ഒന്ന്.
2019-2022 മാർച്ച് കാലഘട്ടത്തിൽ ‘ബാക്ക് ടു വർക്ക്’ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 75 ശതമാനംപേർക്ക് ഏണസ്റ്റ് ആൻഡ് യങ്, യു.എസ്.ടി. ഉൾപ്പെടെയുള്ള വിവിധ ബഹുരാഷ്ടക്കമ്പനികളിൽ ജോലിലഭിച്ചതായി രജിസ്ട്രാർ അറിയിച്ചു. സാങ്കേതികപരിജ്ഞാനത്തോടൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പിന്തുണയും പരിപാടിയിലൂടെ ലഭിക്കും. സ്ത്രീകളിൽ ആത്മവിശ്വാസം വളർത്താനും സാങ്കേതികമേഖലയിൽ സംഭാവനകൾ നൽകാൻ അവരെ പ്രാപ്തരാക്കാനുമാണ് പരിശീലനം നടത്തുന്നത്. വിവരങ്ങൾക്ക്: 7356610110, 9400225962.