പൂട്ടിയിട്ട വീടുകള്‍ കണ്ടെത്തി കുത്തിത്തുറക്കും, ജയിലില്‍നിന്നിറങ്ങി 10 ദിവസം; കാര്‍ലോസ് പിടിയില്‍
വളാഞ്ചേരി: അന്തര്‍ജില്ലാ മോഷ്ടാവ് മഞ്ചേരി അരിക്കാട് വീട്ടില്‍ അനില്‍കുമാര്‍ (കാര്‍ലോസ് അനില്‍കുമാര്‍-60) അറസ്റ്റിലായി.
അവധിദിവസങ്ങളില്‍ കുടുംബങ്ങള്‍ പൂട്ടിപ്പോകുന്ന വീടുകള്‍ തിരഞ്ഞുപിടിച്ച് കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് കാര്‍ലോസിന്റെ രീതി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്കിന് പിന്‍ഭാഗത്തുള്ള ബാലമുരളി നിവാസില്‍ അഭിനന്ദിന്റെ വീട് കുത്തിത്തുറന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന 80000 രൂപ മോഷ്ടിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശാനുസരണം തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമിന്റെ സഹായത്തോടെ വളാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സി.സി.ടി.വി.യില്നിന്ന് ലഭിച്ച അവ്യക്തമായ പ്രിന്റ് പരിശോധിച്ചശേഷമാണ് പോലീസിന്റെ അന്വേഷണം ഇയാളിലേക്ക് എത്തിയത്. പ്രതിയെ ഷൊര്‍ണൂരില്‍നിന്നാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. പത്ത് ദിവസം മുന്‍പ് ഒറ്റപ്പാലം ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഇയാള്‍ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി, ഷൊര്‍ണൂര്‍, ചങ്ങരംകുളം എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. നേരത്തെ ഇയാള്‍ക്കെതിരേ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂര്‍, ഹേമാംബിക നഗര്‍, കോഴിക്കോട് നല്ലളം എന്നീ പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
വളാഞ്ചേരി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷ്, എസ്.ഐ. സോമസുന്ദരന്‍, എ.എസ്.ഐ. ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.