കേരള ആർക്കിടെക്ചർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ഫയീസ് അഹമ്മദിന് ഒന്നാം റാങ്ക്
തിരുവനന്തപുരം: കേരള ആർക്കിടെക്ചർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലപ്പുറം തുറക്കൽ ചെമ്മലപ്പറമ്പ് വൈനയിൽ വീട്ടിൽ എം. ഫയീസ് അഹമ്മദ് ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം തിരുമല അന്നൂർ രഞ്ജി ഭവനിലെ ആർ.എസ്. അതുല്യ രണ്ടാം റാങ്കും തിരുവനന്തപുരം വികാസ് ഭവൻ ന്യൂ നന്ദാവനം റോഡ് സഫൈർ അപ്പാർട്ട്മെന്റ് ഇ-ഒന്നിലെ ലോറ തോമസ് മൂന്നാം റാങ്കും നേടി. തൃശ്ശൂർ തലക്കോട്ടുകര കുട്ടിക്കാട്ട് വീട്ടിൽ കെ.എ. മരിയാ സൂസൻ ആണ് നാലാം റാങ്കുകാരി.
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ ദേശീയ അഭിരുചിപരീക്ഷയിലെ സ്കോറിനും യോഗ്യതാപരീക്ഷയിലെ മാർക്കിനും തുല്യപരിഗണന നൽകിയാണ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. ഫലം അറിയാൻ: www.cee.kerala.gov.in ഹെൽപ്ലൈൻ നമ്പർ: 04712525300.
റാങ്ക് പട്ടികയിലെ 2880 വിദ്യാർഥികളിൽ പെൺകുട്ടികളാണ് കൂടുതൽ -1904 പേർ. ആദ്യ പത്തുറാങ്കിൽ എട്ടു പേരും പെൺകുട്ടികളാണ്. ആദ്യ നൂറുറാങ്കിൽ 68 പെൺകുട്ടികൾ ഇടംനേടി.