വാഷിങ്ടന്‍: ജനുവരി 21 മുതല്‍ കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയര്‍ വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21) തടാകത്തില്‍ മരിച്ച നിലയില്‍ വെള്ളിയാഴ്ച ഉച്ചയോടെ കണ്ടെത്തി.ക്യാമ്ബസിനു സമീപമുള്ള സെന്റ് മേരീസ് തടാകത്തില്‍നിന്നു കണ്ടെടുത്ത മൃതദേഹം മിനിസോട്ടയില്‍ നിന്നുള്ള ആന്‍ റോസിന്റേതാണെന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് റവ. ജോണ്‍ സ്ഥിരീകരിച്ചു. ചൊവാഴ്ച വൈകീട്ട് ക്യാമ്ബസിനു സമീപമുള്ള കോള്മാന് മോര്‍സിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇതേത്തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു ആന്റോസിനെ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
2016-ല്‍ മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്കൂളില്‍ നിന്നാണ് ആന്‍ റോസ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ഹൈസ്കൂള്‍ ലെവലില്‍ നാഷണല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയ ആന്‍ ഫ്ളൂട്ട് വിദഗ്ദയാണ്. മാതാപിതാക്കള്‍ എറണാകുളത്തുനിന്നുള്ളവരാണ്.സെന്റ് ജോസഫ് കൗണ്ടി കോറോണല്‍ മൈക്കിള്‍, മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആന്റോസിന്റെ മരണത്തിനു പുറകില്‍ എന്തെങ്കിലും ദുരൂഹത ഉള്ളതായി ഇതുവരെ അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.