സിനിമയ്ക്ക് കൊള്ളാത്തവൻ അഭിനയം നിർത്തണം; ഇതാണ് അന്ന് അവർ എന്നെപറ്റി പറഞ്ഞതെന്ന് ദുൽഖർ സൽമാൻ
ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമാ ലോകത്ത് തന്റേതായ ഇടം ഉണ്ടാക്കിയ താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല മറ്റ് ഇന്ത്യൻ ഭാഷാ ചിത്രങ്ങളിലും ദുൽഖർ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. സോയ ഫാക്ടറീസിന് ശേഷം ദുൽഖർ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ചുപ്: ദ ആർട്ടിസ്റ്റ്’ റിലീസിനൊരുങ്ങുകയാണ്. ബാൽകി ഒരുക്കുന്ന ചിത്രം സെപ്തംബർ 23ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
തനിക്ക് നേരെ വരുന്ന വിമർശനങ്ങളെ ധൈര്യപൂർവം നേരിട്ട് വിജയിക്കാൻ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. സ്വന്തം ജീവിതത്തിലും ഇത്തരത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു. ‘ഒരുപാട് മോശം അഭിപ്രായങ്ങൾ വായിക്കേണ്ടി വന്നിട്ടുണ്ട്. ചില ആളുകൾ എന്നെക്കുറിച്ച് വളരെ മോശമായാണ് എഴുതിയത്. ഞാൽ സിനിമയ്ക്ക് കൊള്ളാത്തവനാണ്, അഭിനയം നിർത്തണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതെല്ലാം വളരെ രൂക്ഷമായി തോന്നിയിട്ടുണ്ട്.’- ദുൽഖർ പറഞ്ഞു.
ദുൽഖറിനെ കൂടാതെ പൂജ ഭട്ട്, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹോപ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.